കോഴിക്കോട് പേരാമ്പ്രയിൽ ഗർഭിണി കാർ കത്തി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. രജിൻലാലാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടേയും മരണത്തിൽ ദുരൂഹത തുടരുകയാണ്. പെട്രോളൊഴിച്ച് തീകൊളുത്തിയതിൽ ഭർത്താവ് രജിൻലാലിനു പങ്കില്ലെന്നാണ് പൊലീസ് നിഗമനം. പേരാമ്പ്രയിലെ പെട്രോൾ പമ്പിൽനിന്ന് കാനിൽ സോന പെട്രോൾ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഇത് ബാഗിലാക്കി കാറിലെത്തിച്ചെന്നാണ് കരുതുന്നത്. കാൻ പാടെ കത്തിപ്പോയെങ്കിലും ഇതിന്റെ മൂടി കാറിൽനിന്ന് ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ പൊലീസ് എത്തിയത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കാര്‍ ഓടിക്കുന്നതിനിടെ പെട്രോള്‍ ഗന്ധം വന്നു, തീ പടര്‍ന്നെന്നാണ് ഭര്‍ത്താവ് രജിൻ ലാലിന്റെ മൊഴി. എന്നാൽ ഇതെല്ലാം പാടെ തള്ളുകയാണ് സോനയുടെ കുടുംബം. രജിൻലാലിന്റെ വീട്ടിലേക്ക് പോകാനും, സോനയെ കാണുന്നതിനും തങ്ങൾക്ക് വിലക്കുള്ളതായും, പല ദിവസങ്ങളിലും സോന തന്നെ വിളിച്ചു കരഞ്ഞിടട്ടുണ്ടെന്നും സഹോദരൻ സോനുവും പറയുന്നു.മെയ് 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്. രജിൻലാലും ഭാര്യ സോനയും മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഗർഭിണിയായിരുന്ന സോന കാറിനുള്ളിൽ തന്നെ വെന്തുമരിക്കുകയായിരുന്നു. തീപടർന്ന ഉടൻ പുറത്തിറങ്ങിയ രജിലാൽ സമീപത്തെ തോട്ടിലിറങ്ങിയാണ് തീയണച്ചത്.
Story Highlights : Pregnant woman dies in car fire in Perambra; husband also dies after being treated for burns
















