പശ്ചിമബംഗാളിലെ ഫാള്‍ട്ട ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്വലവിജയം. ഒരുലക്ഷത്തിലേറെ വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ദേബാങ്ഷു പാണ്ഡ വിജയിച്ചു. സിപിഐഎം സ്ഥാനാര്‍ഥി ശംഭു നാഥ് കുര്‍മി രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നല്‍കുന്നത് എന്ന് സിപിഐഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വലവിജയം ഫാള്‍ട്ടയില്‍ നടന്ന തിരഞ്ഞെടുപ്പിലും ബിജെപി ആവര്‍ത്തിച്ചു.ഒന്നരലക്ഷം ലീഡ് നേടുമെന്ന അവകാശവാദത്തിന് ഒപ്പം എത്തിയില്ലെങ്കിലും 109021 വോട്ടുകള്‍ക്ക് ബിജെപിയുടെ ദേബാങ്ഷു പാണ്ഡ വിജയിച്ചു.40627 വോട്ടുകള്‍ നേടി സിപിഐഎം സ്ഥാനാര്‍ഥി ശംഭു നാഥ് കുര്‍മി രണ്ടാം സ്ഥാനം നേടി.
കോണ്‍ഗ്രസിന്റെ അബ്ദുള്‍ റസാക്ക് മൊല്ല മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജഹാംഗീര്‍ ഖാന്‍ നാലാം സ്ഥാനത്തായി. ഭയമില്ലാതെ ജനങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ പോരാട്ടം സിപിഐഎമ്മും ബിജെപിയും തമ്മിലായെന്ന് സിപിഐഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം.തൃണമൂല്‍ കോണ്‍ഗ്രസ് തകരുന്നതോടെ, ബംഗാളില്‍ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതിന്റെ സൂചിക എന്ന നിലയിലാണ് ഫാള്‍ട്ട ഉപതിരഞ്ഞെടുപ്പ് ഇത്തവണ ദേശീയ ശ്രദ്ധ നേടിയത്.
Story Highlights : BJP Candidate won in Falta By-Election
















