ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി. മര്‍ദനം ചട്ട വിരുദ്ധമെന്നും, ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും റിപ്പോര്‍ട്ട്. കുറ്റകൃത്യമായി കണക്കാക്കുമെന്നും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ബാധകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്. ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍പ്രത്യേക അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാക്ഷികളും ഇരകളുമടക്കം ഇരുപതോളം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി.
ഇനി ചോദ്യം ചെയ്യാനുള്ളത് പ്രതികളായ അഞ്ച് പേരെയാണ്. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി നാളെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിച്ച ശേഷം എസ്‌ഐടി നോട്ടീസ് നല്‍കി വിളിപ്പിക്കും. വിഐപി സുരക്ഷയിലും വീഴ്ച വരുത്തിയാതായാണ് കണ്ടെത്തല്‍.യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചത് ചൂരല്‍ വടി ഉപയോഗിച്ചാണ്. ഇത് പൊലീസ് വകുപ്പ് അനുവദിച്ച ആയുധമല്ല. സുരക്ഷാസംഘം സദാസമയം വിഐപികള്‍ക്ക് ഒപ്പമുണ്ടാകണമെന്ന ചട്ടം പ്രതിഷേധക്കാരെ മര്‍ദിക്കാന്‍ പോയ സമയത്ത് ലംഘിക്കപ്പെട്ടെന്നും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് ആദ്യ കേസ് ഡയറി തിരുത്തിച്ച സംഭവത്തില്‍ പ്രത്യേക കേസെടുക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
Story Highlights : SIT submits report on Nava Kerala Sadas assault case in court
















