ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ എൽപിജി ഉപഭോഗം കുറയ്ക്കുന്നതിനായി കർശന നടപടികളുമായി കേന്ദ്രസർക്കാർ. പൈപ്പ് ലൈൻ വഴി പാചകവാതകം (പിഎൻജി) ലഭിക്കുന്ന ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി സിലിണ്ടറുകൾ തിരികെ നൽകേണ്ടി വരും. ഗാർഹിക എൽപിജി കണക്‌ഷനുകളുടെ ദുരുപയോഗം തടയുന്നതിനായി ഒരേ വിലാസത്തിൽ ഇരട്ട കണക്‌ഷനുകൾ (എൽപിജി & പിഎൻജി) ഉള്ളവരെ കണ്ടെത്താനുള്ള നടപടികൾ എണ്ണക്കമ്പനികൾ ആരംഭിച്ചുകഴിഞ്ഞു.
പുതിയ ചട്ടങ്ങൾ ഇങ്ങനെ:
ഒറ്റ കണക്‌ഷൻ മാത്രം: പുതിയ നിയമപ്രകാരം ഒരേ വിലാസത്തിൽ എൽപിജി, പിഎൻജി കണക്‌ഷനുകൾ ഒരേസമയം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
അവസാന തീയതി ജൂൺ 30: പിഎൻജി സൗകര്യമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾ നിശ്ചിത കാലാവധിക്കുള്ളിൽ പൈപ്പ് ലൈൻ കണക്‌ഷനിലേക്ക് മാറണം. ഇതിനുള്ള സമയപരിധി ജൂൺ 30-ന് അവസാനിക്കും. അതിനുള്ളിൽ മാറിയില്ലെങ്കിൽ നിലവിലുള്ള എൽപിജി കണക്‌ഷൻ സസ്പെൻഡ് ചെയ്യാനോ വിച്ഛേദിക്കാനോ ആണ് സർക്കാർ തീരുമാനം.
















