എറണാകുളം: മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി. കേസിൽ ഇഡിയ്ക്ക് അന്വേഷണം തുടരാമെന്നും. അടിയന്തര സ്റ്റേ ആവശ്യത്തിൽ ഇന്ന് തീരുമാനമുണ്ടാകില്ലെന്നും കോടതി പറഞ്ഞു. ഇഡിയുടെ അധികാരപരിധിക്ക് അപ്പുറമാണ് അന്വേഷണം എന്നായിരുന്നു സിഎംആർഎൽ നൽകിയ ഹർജിയിലെ പ്രധാന വാദം. സിഎംആർഎല്ലിനെതിരെ എഫ്ഐആർ ഇല്ലാത്ത ഘട്ടത്തിലാണ് ഇഡി നോട്ടീസ് അയച്ചതെന്നും അന്വേഷണം തുടങ്ങുന്നതെന്നുമായിരുന്നു കമ്പനി അഭിഭാഷകന്റെ വാദം. രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് എസ്എഫ്ഐഒ അന്വേഷണം തുടങ്ങുന്നതെനന്നായിരുന്നു മറ്റൊരു വാദം.
അതേസമയം, അന്വേഷണം പൂർത്തിയാക്കുകയല്ലേ വേണ്ടത് എന്നായിരുന്നു സിഎംആർഎല്ലിനോട് കോടതി ചോദിച്ചത്. നിരപരാധിത്വം വ്യക്തമാക്കാന്‍ സിഎംആര്‍എല്ലിന് രേഖകള്‍ നല്‍കാം, കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ലിസ്റ്റഡ് കമ്പനി അല്ലേ, എക്സാലോജിക് ആയുള്ള രേഖകൾ അല്ലേ ഇഡി ചോദിച്ചതെന്നും കോടതി ചോദിച്ചു. കേസിലെ വാദം നീട്ടിക്കൊണ്ട് പോകേണ്ട എന്നും കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലത്തിൽ കേസ് ആവശ്യമില്ലെന്ന് ഇഡി അഭിഭാഷകൻ പറഞ്ഞു. കേസിൽ ഇന്നുതന്നെ വാദം കേൾക്കുമെന്നും ഇടക്കാല ഉത്തരവ് ഇന്നുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഇ ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലും, സിഎംആർഎല്ലിനായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും ആണ് ഹാജരായത്.
















