കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുദിനം മാറുന്ന കാലഘട്ടത്തിൽ കാലിക പ്രസക്തമായ വിഷയങ്ങളിൽ പ്രൊഫഷണൽ അറിവുള്ള സേനയാണ് നാടിനാവശ്യം എന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു. സംസ്‌ഥാന പോലിസിലെ വിവിധ ബറ്റാലിയനുകളെ കാലിക പ്രസക്തമായ വിഷയങ്ങളിൽ മികവിൻ്റെ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യുന്നതിനുള്ള സെൻ്റർ ഒഫ് എക്സലൻസ് പ്രൊജക്റ്റ് തിരുവനന്തപുരത്ത് ആംഡ് പോലീസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കാലത്ത് പോലീസ് ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളെ വിദഗ്ധ പരിശീലനത്തിലൂടെ മറികടക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രാരംഭഘട്ടത്തിൽ വിവിധ ബറ്റാലിയനുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാർക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ പരിശീലനം നൽകും. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്ന മാസ്റ്റർ ട്രെയിനർമാരിലൂടെ മറ്റുള്ള സേനാംഗങ്ങൾക്കും അതുവഴി വിവിധ ബറ്റാലിയനുകൾക്കും വിവിധ മേഖലകളിൽ ഉയർന്ന നിലവാരമുള്ള പരിശീലനം ലഭ്യമാക്കുകയും ചെയ്യാം.
ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥരെ ലോക്കൽ പോലീസ് സ്റ്റേഷൻ ഡ്യൂട്ടികൾക്കായി സജ്ജരാക്കുക, ഭൂമിശാസ്ത്രപരമായ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുക വഴി സേനാംഗങ്ങളുടെ വ്യക്തിഗത കഴിവ് വികസിപ്പിക്കുക, വിവിധ ബറ്റാലിയനുകളിലെ പരിശീലനത്തിന് ഏകീകൃത സ്വഭാവം ഉറപ്പുവരുത്തുക, നിരന്തര പരിശീലനം നടപ്പിലാക്കുക, പ്രധാന മേഖലകളിൽ SOP ആവിഷ്കരിക്കുക, പ്രായോഗികവും കേസ് സ്റ്റഡി അധിഷ്ഠിതവുമായ പരിശീലനം പ്രോത്സാഹിപ്പിക്കുക, ഗവേഷണത്തിനും നവീകരണത്തിനുമായി പ്രത്യേക വിഭാഗം ആവിഷ്ക്കരിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
എസ്.എ.പി, കെ.എ.പി ഒന്നു മുതൽ അഞ്ച് വരെയുള്ള ബറ്റാലിയനുകൾ, ആർ.ആർ.ആർ.എഫ്, എം.എസ്.പി, ഐ.ആർ ബറ്റാലിയൻ, വനിതാ ബറ്റാലിയൻ തുടങ്ങിയ പത്തു യൂണിറ്റുകളിലായാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബറ്റാലിയനേയും വിവിധ മേഖലകളിലാണ് മികവിന്റെ കേന്ദ്രങ്ങളാക്കാൻ ഉദ്ദേശിക്കുന്നത്. ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, ഐ.ജി എസ്. സതീഷ് ബിനോ, ഡി.ഐ.ജി ഹരി ശങ്കർ പോലീസ് ആസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
















