തലസ്ഥാന ജില്ലയില്‍ നാലാഞ്ചിറയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുറത്തുകൊന്നു. മണക്കാട് സ്വദേശി ഹസീനയാണ് (40) കൊല്ലപ്പെട്ടത്. നാലാഞ്ചിറയിലെ വാടകവീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് വട്ടിയൂര്‍ക്കാവ് സ്വദേശി സുരേഷിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സുരേഷ് പോകാനിടയുള്ള സ്ഥലങ്ങളിലും, ഹൈവേകളിലും, ഹൈറേഞ്ച് ഭാഗത്തും ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദമ്പതികള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സുരേഷും ഹസീനയും നാല് മക്കളും നാല് മാസം മുമ്പാണ് നാലാഞ്ചിറയിലെ ഈ വാടകവീട്ടില്‍ താമസത്തിനെത്തുന്നത്. ഈ കുടുംബത്തിന് നാട്ടുകാരുമായോ അയല്‍വാസികളുമായോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. കുറച്ചുനാള്‍ മുന്‍പ് ഹസീനയെ കാണാതായിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. ഹസീന തിരിച്ചെത്തിയതു മുതല്‍ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ ഹസീനയെ കത്തിയുപയോഗിച്ച് കഴുത്തറുത്ത ശേഷം സുരേഷ് വീട്ടിലുണ്ടായിരുന്ന കാറില്‍ രക്ഷപ്പെടുകയായിരുന്നു.
മാതാപിതാക്കളുടെ വഴക്കിനും കൊലപാതകത്തിനും സാക്ഷികളായ നാല് മക്കളും നിലവില്‍ പൊലീസിന്റെ സംരക്ഷണയിലാണ്. ഹസീനയുടെ സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തുന്നത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുരേഷിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി അയല്‍വാസികളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
















