കണ്ണൂർ: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ കരുവഞ്ചാലിൽ ആയിരുന്നു സംഭവം. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷിനെ (43) ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളത്തിന്റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മഴക്കാലമായതിനാൽ കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ആരംഭിച്ചു. ഇതിനിടെ എത്രത്തോളം വെള്ളമുണ്ടെന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. രാജേഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിക്കുമ്പോഴാണ് കിണറ്റിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുന്നത്. കുടുംബം വിവരം അറിയിച്ചതിന് പിന്നാലെ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത്. ജീബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
















