കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍. കെ.എം ബഷീറിന്റെ കൊലയാളിയെ വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഹാളിന് പുറത്തിറങ്ങി. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലാണ് കൃഷി വകുപ്പുമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നിയമസഭാ മീഡിയാ റൂമില്‍ നടന്നത്. മന്ത്രിക്കൊപ്പം ഇരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.
എന്നാല്‍, അതിന് മന്ത്രി ടസ്സം പറഞ്ഞത്, പറയാന്‍വന്ന വിഷയം പറയട്ടെ ആദ്യമെന്നായിരുന്നു. അത് പറഞ്ഞ് മന്ത്രി വിഷയത്തിലേക്ക് കടക്കാന്‍ ശ്രമിക്കവെ വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെ മന്ത്രിക്ക് വീണ്ടും വിഷയം പറയട്ടെ എന്നായി. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധം കടുപ്പിച്ചതോടെ മന്ത്രിയുടെ അനുവാദം കാത്തു നില്‍ക്കാതെ ശ്രീറാം വെങ്കിട്ട രാമന്‍ തന്നെ പുറത്തേക്കിറങ്ങുകയായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ അപകടം ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. തെളിവ് നശിപ്പിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകളും ശ്രീറാമിനെതിരെ ചുമത്തിയിട്ടുണ്ട്.
















