കൊച്ചി: കൊച്ചി കളമശ്ശേരിയിൽ തൃശൂർ സ്വദേശിയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചൂണ്ടൽ പയ്യൂർ സൂര്യഗ്രാമം മേക്കോട്ടിൽ എം.എ. ബിജു (45) ആണ് മരിച്ചത്. അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായിരുന്നു ബിജു. ഇടമുള പാലത്തിന് മുകളിൽ നിന്ന് ബിജുവിന്റെ ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് ഫയർഫോഴ്‌സിന്റെയും രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ മുട്ടാർ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അപ്പുക്കുട്ടൻ-ശാന്ത ദമ്പതികളുടെ മകനായ ബിജു അവിവാഹിതനായിരുന്നു. ഇതേസമയം ബിജുവിനെ ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും തിരക്കി കളമശ്ശേരിയിൽ എത്തിയിരുന്നു.
ഫയർഫോഴ്‌സ് സംഘം മൃതദേഹം കരയ്ക്കടുപ്പിച്ചു. ഇൻക്വസ്റ്റ് പരിശോധനയിൽ ബിജുവിന്റെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കയറിന്റെ മറുഭാഗം പാലത്തിന്റെ കൈവരിയിൽ കെട്ടിയിട്ട നിലയിലായിരുന്നു. പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോൾ കയർ പൊട്ടി പുഴയിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം 26 മുതൽ ബിജു ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് കമ്പനിയിൽ നിന്നുള്ള വിവരം. എന്നാൽ കഴിഞ്ഞ ഞായറാഴ്ച രാത്രി വാടക വീട്ടിൽ വച്ച് ഒന്നിച്ച് ഐപിഎൽ ക്രിക്കറ്റ് മത്സരം കണ്ടിരുന്നുവെന്ന് സഹപ്രവർത്തകരായ മറ്റ് കരാർ തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിന് ശേഷമാണ് ബിജുവിനെ കാണാതാകുന്നത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്.ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
















