സംസ്ഥാന സർക്കാർ ധവളപത്രത്തിലൂടെ മുന്നോട്ടുവെച്ച ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനുള്ള നിർദേശം കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലന്വേഷകരായ യുവജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയും യുദ്ധപ്രഖ്യാപനവുമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട് നിയമന ഉത്തരവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളെ തകർക്കുന്നതാണ് ഈ നീക്കം. വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതോടെ പുതിയ ഒഴിവുകൾ കുറയുകയും നിലവിലുള്ള റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികൾക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
യുവജനങ്ങളുടെ തൊഴിൽ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല. തൊഴിലില്ലായ്മ രൂക്ഷമായി നിൽക്കുന്ന കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള അവസരങ്ങൾ പോലും ഇല്ലാതാക്കുന്ന സമീപനം ജനവിരുദ്ധമാണ്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനുള്ള തീരുമാനം നടപ്പിലാക്കാൻ ശ്രമിച്ചാൽ അത് കേരളത്തിലെ യുവത്വത്തിന്റെ ഭാവിക്കെതിരായ കടന്നാക്രമണമായി തന്നെ വിലയിരുത്തപ്പെടും.
യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങളെ ബലികഴിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അവരുടെ ചുമലിൽ കെട്ടിവെക്കാൻ സർക്കാർ ശ്രമിക്കരുത്. ഈ ജനവിരുദ്ധ നിർദേശത്തിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് എഐവൈഎഫ് നേതൃത്വം നൽകും. തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനും പി.എസ്.സി ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി എല്ലാ ജനാധിപത്യ ശക്തികളെയും അണിനിരത്തുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ. ഷാജഹാനും സെക്രട്ടറി ടി.ടി. ജിസ്‌മോനും മുന്നറിയിപ്പ് നൽകി.
















