സി.എം.ആര്‍.എല്‍ ഇടപാടുകളിലെ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം തടയണമെന്ന അപ്പീല്‍ ഹൈക്കോടതി തള്ളി. ഇ.ഡിക്ക് അന്വേഷണം തുടരാം. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. എഫ്.ഐ.ആര്‍ ഇല്ലാത്തതോ കേസ് രജിസ്ട്രര്‍ ചെയ്യാത്തതോ അന്വേഷണത്തിന് തടസമാകില്ല. സുപ്രിംകോടതിയെ സമീപിക്കാന്‍ സമയം വേണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് സി.എം.ആര്‍.എല്‍ അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നാണ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം ഇ.ഡി റെയ്ഡ് നടത്തിയത്.
സി.എം.ആര്‍.എല്‍ അപ്പീലില്‍ വെള്ളിയാഴ്ച വരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹരജിക്കാര്‍ക്ക് എതിരെ തുടര്‍ നടപടി തടഞ്ഞിരുന്നു. അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് ആയിരുന്നു വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യം. നിരപരാധിത്വം വ്യക്തമാക്കാന്‍ ഇ.ഡിക്ക് മുന്നില്‍ സി.എം.ആര്‍.എല്ലിന് രേഖകള്‍ നല്‍കാം. കുറ്റകൃത്യമില്ലെങ്കില്‍ സി.എം.ആര്‍.എല്ലിന് ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ചോദിച്ചിരുന്നു. ഇ.ഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്ന് ആയിരുന്നു സി.എം.ആര്‍.എല്‍ അപ്പീലില്‍ ഉയര്‍ത്തിയ വാദം. എഫ്ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇ.ഡി അന്വേഷണം തുടങ്ങി. അധികാരപരിധി മറികടന്നതായും വാദിച്ചു. നടപടിക്ക് ആധാരമായ കുറ്റകൃത്യം ഉണ്ടെന്നാണ് ഇഡിയുടെ വാദം.
















