കൊച്ചി: മാസപ്പടിക്കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി കേസിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന കാര്യം ഹൈക്കോടതി ബോധ്യപ്പെട്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിൽ വിജിലൻസ് അന്വേഷണമോ സിബിഐ അന്വേഷണമോ വന്നാൽ പിണറായി വിജയൻ പ്രതിയാകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കേസിൽ അന്വേഷണം നടത്തിയ വിജിലൻസിന് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിഎംആർഎൽ നൽകിയ ഹർജി ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹർജി ആണ് ഹൈക്കോടതി തള്ളിയത്. അപ്പീലിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിര്‍ണായക വിധി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് സമയം നൽകണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. നിർണായക വിധി ഹൈക്കോടതിയിൽ നിന്നും വന്നതിനാൽ, തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ കേന്ദ്ര ഏജൻസി യോഗം ചേരും.
അതേസമയം, സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയ വിധിയിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജും രംഗത്തെത്തി. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയാണ് കോടതിയിൽ നിന്നും വന്നതെന്നായിരുന്നു ഷോൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്രിമിനൽ കുറ്റത്തിന് ഇമ്യൂണിറ്റി ഇല്ല. സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇൻ വോയിസ് വ്യാജമാണെന്നും ഷോൺ ജോർജ് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണം എന്നു കരുതുന്നില്ല എന്നും ഷോൺ കൂട്ടിച്ചേർത്തു. അതേസമയം, കുഴൽ നാടന്റെ കേസും തന്റെ കേസും രണ്ടാണ് എന്നും ഷോൺ വ്യക്തമാക്കി.
കേസിലെ പ്രതി മുൻമുഖ്യമന്ത്രി പിണറായി വിജയമാണെന്നും വീണ നിലക്കാരിയാണെന്നും ഷോൺ ആരോപിച്ചു. പണം നൽകിയത് സ്വജന പക്ഷപാതിത്വത്തിന് വേണ്ടിയാണെന്നും ഷോൺ പ്രതികരിച്ചു. നൽകാത്ത സേവനത്തിനാണ് ഇൻ വോയിസ്. ജിഎസ്ടി തട്ടിപ്പും നടത്തി. സംസ്ഥാന സർക്കാരിനും വേണമെങ്കിൽ കേസെടുക്കാം എന്നും ഷോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
















