മണലൂർ മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലേയും ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെയും ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത വിപുലമായ ജനകീയ സദസ്സിൽ വെച്ച് മണ്ഡലത്തിലെ മാതൃകാ വികസന പദ്ധതിയായ നവ മണലൂർ പ്രൊജക്ടിന് തുടക്കം കുറിച്ചു. മുല്ലശ്ശേരി ഇ എം എസ് കമ്യൂണിറ്റി ഹാളിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അനിതാ അരവിന്ദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനകീയ സദസ്സിൽ എം.എൽ. എ. ,പ്രൊഫ സി രവീന്ദ്രനാഥ് പദ്ധതി വിശദീകരണം നടത്തി.
ആഗോള താപനത്തേയും കാലാവസ്ഥ വ്യതിയാനത്തേയും പ്രതിരോധിക്കുകയും കാർഷികവികസനം ലക്ഷ്യമിടുകയും ചെയ്യുന്ന
കാർബൺ ന്യൂട്രൽ മണലൂർ, മനുഷ്യവിഭവശേഷി വികസനത്തിനായുള്ള സർഗ്ഗോത്സവം, ഗതാഗതവികസ്നത്തിനായുള്ള ഗ്രാമീണ റോഡ് വികസന മാസ്റ്റർപ്ലാൻ, രോഗപ്രതിരോധത്തിലൂന്നുന്ന സമഗ്ര ആരോഗ്യ പദ്ധതി, കുടിവെള്ളം -ഭവനം -പട്ടികജാതി വികസനം എന്നിവയടങ്ങുന്ന സമ്പൂർണ്ണ വികസനം , ഏറ്റവും ആധുനികമായ വിദ്യാഭ്യാസം മണലൂരിൽ എത്തിക്കുന്ന ജനകീയ വിദ്യാഭ്യാസ പദ്ധതി , വനിതകളുടെ നൈപുണ്യ വികസനത്തിനായുള്ള വനിതാ ശാക്തീകരണ പദ്ധതി എന്നീ ഏഴ് പദ്ധതികളാണ് നവമണലൂർ പ്രൊജക്ടിൻ്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത്.
കാർബൺ ന്യൂട്രൽ മണലൂർ പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന ഔഷധ സസ്യ ബോർഡിൽ നിന്നും ലഭ്യമാക്കിയ തൈകളുടെ വിതരണോൽഘാടനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് നൽകികൊണ്ട് എം.എൽ എ നിർവ്വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിലക്ഷ്മി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ണ്ട് മിനി മോഹൻദാസ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി സജീപ്, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത ജില്ലാപഞ്ചായത്ത് അംഗം രാഗേഷ് കണിയാമ്പറമ്പിൽ മുല്ലശ്ശേരി സഹബാങ്ക് പ്രസിഡണ്ട് കെ. എൻ. മനോജ് എന്നിവർ സംസാരിച്ചു.
















