സി.എം.ആര്‍.എല്‍ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസില്‍ നാളെ വീണാ വിജയന്‍ ഹാജരാകില്ല. യാത്ര ചെയ്യാനുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണ് ഹാജരാകാത്തത്. ഇതുസംബന്ധിച്ച് ഇന്നലെ വീണാ വിജയന്‍ ഇ.ഡിക്ക് മെയില്‍ അയച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രേഖകള്‍ ഹാജരാക്കാം, എന്നാല്‍, നേരിട്ടു ഹാജരാകാന്‍ കഴിയില്ലെന്നും ഇ-മെയിലില്‍ ചൂണ്ടിക്കാണിച്ചാണു അവധിയപേക്ഷ നല്‍കിയത്. കേസില്‍ ഇ.ഡിയുടെ റെയ്ഡിനു ശേഷം വീണാവിജയനെ ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയിരുന്നു.
ഇന്നലെ രാവിലെയാണു കത്ത് ഇ-മെയിലായി ഇ.ഡി ഓഫിസില്‍ ലഭിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവധി അപേക്ഷയില്‍ ഇ.ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്ന് ആള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അവധി അപേക്ഷ പരിഗണിച്ച് മറ്റൊരു ദിവസം നല്‍കുകയാണ് പതിവ്. എന്നാല്‍, ഇതിന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ടുകളും ഡോക്ടറുടെ കുറിപ്പടികളും സഹിതം സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പി.എം.എല്‍.എ) വകുപ്പ് -50 പ്രകാരം ലഭിച്ച സമന്‍സില്‍ കക്ഷി നേരിട്ടു ഹാജരാകണമെന്നാണു നിയമവ്യവസ്ഥ.
ഒരു ദിവസം അവധി അനുവദിച്ചാലും അടുത്ത തീയതിയില്‍ നേരിട്ടു ഹാജരാകേണ്ടിവരും. ഈ വകുപ്പുപ്രകാരം സമന്‍സ് നല്‍കിയാല്‍ ഇ.ഡി ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കക്ഷികള്‍ക്ക് കഴിയില്ല. ഒരു സിവില്‍ കോടതി നല്‍കുന്ന സമന്‍സിനു തുല്യമായ നിയമസാധുത ഇതിനുണ്ട്. കേസിലെ തെളിവിലേക്കു കക്ഷിയുടെ മൊഴി സമര്‍പ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സത്യം ചെയ്യിച്ചാണു മൊഴി രേഖപ്പെടുത്തുക. ഇതിനാലാണ് ഇത്തരം സമന്‍സുകളില്‍ അഭിഭാഷകന്‍ മുഖാന്തരം ഹാജരാകാന്‍ അനുവാദം ലഭിക്കാത്തത്.
വീണയുടെ വീട്ടില്‍ ഇ.ഡി റെയ്ഡു നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ പ്രതിരോധവും ആക്രമണവും ഇപ്പോഴും പാര്‍ട്ടിയെ തിരിഞ്ഞു കുത്തുമ്പോഴാണ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും അവധി അപേക്ഷ നല്‍കിയതുമൊക്കെ. എന്നാല്‍, പല കേസുകളിലും ഉന്നത അന്വേഷണ സംഘങ്ങള്‍ പ്രധാന നേതാക്കളെയോ മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ, രാഷ്ട്രീയ നേതൃത്വത്തിലെ കുടുംബക്കാരെയോ അറസ്റ്റു ചെയ്യാന്‍ പോയാലോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാലോ കണാന്‍ കഴിയുന്നത് മാരകമായ അസുഖം മൂലം എണീല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാകുന്നതാണ്. റിട്രോഗ്രേഡ് അംനേഷ്യ പിടിച്ചവരും ഹാര്‍ട്ട് അറ്റാക്ക് വന്നവരും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരും, പേരില്ലാത്ത മാരക രോഗം വേഗത്തില്‍ വന്നവരുമൊക്കെ ഇതില്‍പ്പെടും.
രേഖകള്‍ ഹാജരാക്കുന്നതില്‍ കുഴപ്പമില്ലെന്നും, നേരിച്ചു വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറയുമ്പോള്‍ത്തന്നെ മടിയില്‍ കനമുണ്ടെന്ന് ഊഹിക്കാം. കാരണം, ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്താല്‍ ജാമ്യം കിട്ടാന്‍ പോലും സാധ്യത ഉണ്ടാകില്ല. ഇത് പിണറായി വിജയന്‍, ഇതുവരെ നിയമസഭയിലും പുറത്തും പറഞ്ഞിട്ടുള്ളതിനെയെല്ലാം അസാധുവാക്കും. മാത്രമല്ല, സി.പി.എമ്മിനെ ഇരുട്ടിലാക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് വീണ നേരിട്ട് ഹാജരാകാത്തതെന്നാണ് രാഷ്ട്രീയ പ്രതിയോഗികള്‍ പറയുന്നത്.
















