അഞ്ചരക്കണ്ടി ദന്തല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. ക്യാമ്പസ് റാഗിങ്ങിന്റെ പേരില്‍ അരങ്ങേറിയ ഈ നരഹത്യയില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു നാട് മുഴുവന്‍.
എന്നാല്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും, യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും കൊലപാതകത്തിന്റെ ഗൗരവം കുറച്ചുകാണിക്കാനും അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ബന്ധുക്കള്‍ക്കും സഹപാഠികള്‍ക്കും പൊതുസമൂഹത്തിനും ശക്തമാണ്.
സംഭവത്തില്‍ ഉന്നത സ്വാധീനം ഉപയോഗിച്ചുള്ള ഇടപെടലുകള്‍, നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തുന്നതിലെ കാലതാമസം, പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ എന്നിവ ഈ സംശയത്തിന് ആക്കം കൂട്ടുന്നു. ദൃക്‌സാക്ഷികളുണ്ടായിട്ടും, ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും, അന്വേഷണം വഴിതെറ്റിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുകയാണ്.
ഒരു 21-കാരന്റെ ജീവന്‍ ക്യാമ്പസില്‍ പൊലിഞ്ഞിട്ടും, പ്രതികള്‍ക്ക് രാഷ്ട്രീയ-സാമ്പത്തിക സ്വാധീനത്തിന്റെ പരിരക്ഷ കിട്ടുമോ? ‘റാഗിങ് മരണം’ എന്ന ഒറ്റവരിയില്‍ ഒരു ക്രൂരമായ കൊലപാതകം ലഘൂകരിക്കപ്പെടുമോ? നീതിന്യായ വ്യവസ്ഥിതിയില്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള അവസാന പ്രതീക്ഷകള്‍ കൂടി ഇല്ലാതാകരുതെങ്കില്‍ സുതാര്യവും സത്യസന്ധവുമായ ഒരു അന്വേഷണം നടക്കേണ്ടതുണ്ട് നിതിന്‍ രാജിന്റെ യഥാര്‍ത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യുക.
















