India

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇന്ത്യന്‍ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന സൂചനകള്‍ നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍. എണ്ണവില വര്‍ധനക്കൊപ്പം ഇന്‍ഷുറന്‍സ് ഷിപ്പിങ് ചാര്‍ജുകള്‍ വര്‍ധിക്കുന്നതും രാജ്യത്തിന് പ്രതിസന്ധിയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ആഗോളരംഗത്ത് രാസവളത്തിന്റെ വില ഉയരുന്നതും സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാണെന്ന് നിര്‍മല പറഞ്ഞു.

ഈ വര്‍ഷം മണ്‍സൂണില്‍ കുറവുണ്ടാകും. അതിനായി സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ധാന്യങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയില്ല. പക്ഷേ മഴയിലുണ്ടാവുന്ന കുറവ് കര്‍ഷകരുടെ വരുമാനത്തെ നെഗറ്റീവായി സ്വാധീനിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം, ഇന്ത്യക്ക് ആശ്വാസമായി രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 83.64 ഡോളറിലേക്കാണ് ഇടിഞ്ഞത്. 3.69 ശതമാനം നഷ്ടമാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിലുണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. 4.89 ശതമാനം നഷ്ടത്തോടെ 80.73 ഡോളറിലേക്കാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയിടഞ്ഞത്.

ഇറാനും യുഎസും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടതോടെയാണ് എണ്ണവില കുറഞ്ഞത്. യുദ്ധവിരാമകരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുഗമമായി എണ്ണയെത്തും. ഇത് ഇന്ത്യന്‍ വിപണിയേയും പോസിറ്റീവായി സ്വാധീനിക്കും. പ്രതിദിനം 600 കോടിയുടെ നഷ്ടത്തില്‍ എണ്ണവില്‍ക്കുന്ന കമ്പനികള്‍ക്കും ഇത് ആശ്വാസം പകരും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വലിയ ദുരിതം നേരിടുന്ന ജനത്തിന് ആശ്വാസമായി കമ്പനികള്‍ എണ്ണവില കുറക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കമ്പനികള്‍ വില കുറക്കാനുള്ള സാധ്യതകള്‍ വിരളമാണ്.