Kerala

സെൻസസ് 2027: ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസിന് കേരളത്തിൽ ജൂലൈയിൽ തുടക്കം

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായ സെൻസസ് 2027ന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കേരളത്തിൽ ജൂലൈ 1 മുതൽ ആരംഭിക്കുമെന്ന് സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ ബിജു തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

സെൻസസ് 2027 രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നത്. ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും (ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ – എച്ച്.എൽ.ഒ) 2026 ജൂലൈ 1 മുതൽ 30 വരെ കേരളത്തിൽ നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുക. സെൻസസിനായി ആകെ 33 ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും, കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകി പൊതുജനങ്ങൾ സഹകരിക്കണമെന്ന് സംസ്ഥാന സർക്കാർ 2026 മേയ് 7ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 2026 ജൂൺ 16 മുതൽ ആരംഭിക്കുന്ന 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് https://se.census.gov.in/ പോർട്ടൽ വഴി കുടുംബ വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും. സമർപ്പിക്കുന്ന വിവരങ്ങൾ ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും.

വിവരശേഖരണത്തിനായി അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യൂമറേറ്റർമാരെയും ഏകദേശം 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. വെബ് മാപ്പിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർണയിച്ച ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകൾ സന്ദർശിച്ചാണ് വിവരശേഖരണം നടത്തുക. എന്യൂമറേറ്റർമാർ HLO ആപ്പ് ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക. സമ്പൂർണ സെൻസസ് പ്രവർത്തനങ്ങളും ”സെൻസസ് മാനേജ്‌മെന്റ്‌ ആൻഡ് മോണിറ്ററിങ് സിസ്റ്റം” എന്ന വെബ് പോർട്ടൽ മുഖേന ഏകോപിപ്പിക്കപ്പെടും.

ലോകത്തിലെ ഏറ്റവും വലിയ ഭരണപരവും സ്ഥിതിവിവരക്കണക്കു സംബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങളിലൊന്നായി ഭാരത സെൻസസ് വിലയിരുത്തപ്പെടുന്നു. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിൽ 69-ാം ക്രമനമ്പരായാണ് സെൻസസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1948ലെ സെൻസസ് നിയമവും 1990ലെ സെൻസസ് ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്. 150 വർഷത്തിലേറെ പാരമ്പര്യമുള്ള ഭാരത സെൻസസ് ആദ്യമായി 1872ലും അവസാനമായി 2011ലുമാണ് നടന്നത്. സെൻസസ് 2027 ഈ പരമ്പരയിലെ 16-ാമത്തേതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തേതുമാണ്.

സെൻസസുമായി ബന്ധപ്പെട്ട സർക്കുലറുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഭാരത രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ കാര്യാലയമാണ് പുറപ്പെടുവിക്കുന്നത്. സംസ്ഥാന സർക്കാരുമായുള്ള ഏകോപന ചുമതല ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസിനാണ്. പൊതുഭരണ വകുപ്പാണ് സംസ്ഥാനത്തെ നോഡൽ വകുപ്പ്. ഓരോ ജില്ലയിലെയും സെൻസസ് പ്രവർത്തനങ്ങളുടെ ചുമതല ജില്ലാ കളക്ടർമാർ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരെന്ന നിലയിൽ നിർവഹിക്കും. സെൻസസിന്റെ വിജയകരമായ പൂർത്തിയാക്കലിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

സെൻസസ് ഓപ്പറേഷൻ ഡയറക്ടർ മിത്ര ടി, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി, പി ഐ ബി ഡപ്യൂട്ടി ഡയറക്ടർആതിര തമ്പി എന്നിവർ സംബന്ധിച്ചു. സെൻസസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 1855 എന്ന ടോൾ ഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.