മലിന ജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. സ്‌കൂളില്‍ നിന്നാണ് കുട്ടി മലിനജലം കുടിച്ചത്. പോരുവഴി ഇടയ്ക്കാട് സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാംമൈലിലെ സ്വകാര്യ സ്‌കൂളിലെ വെള്ളം കുടിച്ച് നൂറിലേറെ കുട്ടികള്‍ ചികിത്സ തേടിയ സംഭവത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍ സ്‌കൂളിലെ വളരെ ചുരുക്കം കുട്ടികള്‍ മാത്രമാണ് സാംപിളുകള്‍ നല്‍കിയത്. സ്‌കൂളിലെ കുഴല്‍ക്കിണറിന്റെ പമ്പ് സെറ്റ് തകരാറിലായതോടെ പുറത്തെ ഏജന്‍സിയെ വിളിച്ചാണ് 3ന് ഉച്ചയ്ക്ക് ടാങ്കില്‍ വെള്ളം നിറച്ചത്. ഇത് ഉപയോഗിച്ച് വീട്ടിലെത്തിയ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ വിവിധ ആശുപ്രതികളില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് സ്‌കൂളിലെ കിണര്‍, ടാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ജല സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍, ജലത്തില്‍ കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായ പല ഘടകങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നു വിദഗ്ധ പരിശോധനയ്ക്കായി ജല സാംപിളുകള്‍ കൊല്ലത്തെ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചു. പാറമടയിലെ വെള്ളം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ടാങ്കുകളില്‍ എത്തിച്ച് സ്‌കൂളിലെ കിണറ്റില്‍ നിറച്ചതാണ് പ്രശ്‌നത്തിനു കാരണമെന്നും ഇത് അധികൃതര്‍ പരിശോധിച്ചില്ലെന്നും പരാതിയുണ്ട്.
ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു പോരുവഴി പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്നു അടിയന്തര യോഗം നടത്തി. ചികിത്സ തേടിയ മുഴുവന്‍ കുട്ടികളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്നും കുട്ടികള്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശിച്ചെന്നും ഇന്‍ക്യുബേഷന്‍ പീരിയഡ് പിന്നിട്ടതിനാല്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ക്ലോറിനേഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
















