നാലെ വി.ഡി. സതീശന്‍ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയാണ്. സാധാരണ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ പത്തു വര്‍ഷവും വികസനത്തിന്റെ പാതയിലാണ് കേരളം സഞ്ചരിച്ചതെന്നു പറഞ്ഞ് ജനങ്ങളെയാകെ പുകമറയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ പുകമറയില്‍ നിന്നും ജനങ്ങള്‍ പതിയെ മാറിത്തുടങ്ങി. യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പുത്തനച്ചി പുരപ്പുറം തൂക്കുന്നതു പോലെയാകുമോ എന്നാണ് ഭയം. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര നടപ്പാക്കുമ്പോള്‍, അതിനുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. എന്നാല്‍, സര്‍ക്കാരിന് ഈ തുക എവിടെ നിന്നു കണ്ടെത്താനാണ് പദ്ധതിയെന്നു മാത്രം അറിയില്ല.
സ്വാഭാവികമായും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്ക ഇതിലൂടെ ഉണ്ടാകും. സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചതോടെ ദിവസവും കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടിസിക്ക് ഉണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായാണ് ജൂണ്‍ 15 മുതല്‍ പ്രിയദര്‍ശിനി എന്ന പേരില്‍ സൗജന്യ യാത്ര നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതെങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. പദ്ധതി നടപ്പിലാക്കിയെങ്കിലും ഈ ആശങ്ക കുറയുന്നില്ല. കാരണം, ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ടിക്കറ്റ് വില വര്‍ധിപ്പിക്കുമോ എന്ന ആശങ്കയും സംശയവുമാണ് സാധാരണക്കാരില്‍. പ്രത്യേകിച്ച്, നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, വില വര്‍ധനവ് എന്തെങ്കിലും ഉണ്ടാകുമോ എന്ന ആശങ്കയാണ് പലരിലും.
പ്രിയദര്‍ശിനി പദ്ധതിയിലൂടെ 800 കോടി നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചത്. പദ്ധതി സര്‍ക്കാരിന് അറുപത്തിയഞ്ച് മുതല്‍ എഴുപത് കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തില്‍ എണ്ണൂറ് കോടി രൂപയില്‍ അധികം കുറവ് വരും. ഈ പണം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. നിലവില്‍, സര്‍ക്കാര്‍ വര്‍ഷാവര്‍ഷം 1500 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. ഒരു മാസം 125 കോടിവെച്ചാണ് സര്‍ക്കാര്‍ കൊടുക്കുന്നത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണിത്. ഇത് കൂടാതെ പ്രിയദര്‍ശിനി പദ്ധതിക്ക് ആവശ്യമായ തുക, 750-800 കോടി രൂപ കൂടി നല്‍കും’ എന്നാണ് വിഡി സതീശന്‍ പറഞ്ഞത്.
കൂടാതെ, കെഎസ്ആര്‍ടിസി വരുന്ന 6 മാസത്തിനുള്ളില്‍ അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗങ്ങള്‍ ആരായണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടിക്കറ്റ് വില കൂട്ടുമോ എന്ന ആശങ്ക ഉയരുകയാണ്. ഇതിനിടെ സ്വകാര്യ ബസുടമുകളും തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അറിയിച്ചിട്ടുണ്ട്. ഇന്ധനത്തിനുള്ള കളക്ഷന്‍ പോലും കിട്ടിയില്ലെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്. തൊഴിലാളികളുടെ വേതനം മുഴുവന്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു. അതുകൊണ്ട് തന്നെ നഷ്ടം നികത്താന്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ ടിക്കറ്റ് വില ഉയര്‍ത്താനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നാണ് വിവരം.
സൗജന്യയാത്ര അനുവദിച്ചെങ്കിലും സെസ് ഈടാക്കുന്നത് തുടരുകയാണ്. 15 രൂപ മുതല്‍ ടിക്കറ്റെടുക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് തുടങ്ങി ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളിലെ യാത്രക്കാരില്‍ നിന്ന് 11 രൂപ വരെ അധികമായി ഈടാക്കുന്നത് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി തുടരുകയാണ്. 2014-ലാണ് കെഎസ്ആര്‍ടിസി യാത്രക്കാരില്‍നിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള സമൂഹ ഇന്‍ഷുറന്‍സ്, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ജീവനക്കാര്‍ക്കുള്ള സാമൂഹിക സുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താന്‍ ഒരു രൂപ മുതല്‍ പത്ത് രൂപ വരെ സെസ് പിരിക്കാനായിരുന്നു തീരുമാനിച്ചത്. ഡീസല്‍ വിലയിലെ വര്‍ധനമൂലം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സെസ് പിരിവ് സഹായിക്കുമെന്നായിരുന്നു വിലയിരുത്തല്‍.
ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും മറ്റും 15 മുതല്‍ 24 വരെയുള്ള ടിക്കറ്റിന് ഒരു രൂപ, 25-49 ടിക്കറ്റിന് രണ്ടുരൂപ എന്നിങ്ങനെയാണ് സെസ് ഈടാക്കുന്നത്. 100 രൂപയ്ക്ക് മുകളിലെ ടിക്കറ്റിന് പരമാവധി 11 രൂപയാണ് സെസ് ഈടാക്കുന്നത്. യാത്രാസൗജന്യം നടപ്പാക്കിയതിനു പിന്നാലെ സെസ് പിരിവുകൂടി അവസാനിപ്പിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ബജറ്റില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന് ജനങ്ങള്‍ ഉറ്റുനോക്കുകയാണ്.
















