‘ഭയം ഒരു ആയുധമാക്കി തലസ്ഥാനത്തെയും കൊല്ലത്തെയും വസ്ത്ര വ്യാപാര സ്ഥാപനം. ജീവനക്കാരെ ഭയപ്പെടുത്തി പണിയെടുപ്പിച്ച് കോടികള്‍ വാരുമ്പോള്‍, ജോലിക്കാര്‍ ശാരീരിക മാനസിക പിരിമുറുക്കത്തിലും രോഗത്തിനും വീഴുന്നു. കഴിഞ്ഞ ഓണക്കാലത്ത് കൊല്ലം ആര്‍.കെ വെഡ്ഡിംഗ് സെന്ററില്‍ നിന്നും പുറത്താക്കപ്പെട്ട ഒരുകൂട്ടം വനിതാ ജീവനക്കാര്‍ ഷോപ്പിനു മുമ്പില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസെത്തി, പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍, താത്ക്കാലികമായ പ്രശ്‌ന പരിഹാരത്തിനപ്പുറം വസ്ത്ര വ്യാപാര സ്ഥാപനത്തിലെ രീതികളൊന്നും മാറിയിട്ടില്ല എന്നതാണ് വസ്തുത.
ഷോപ്പിനുള്ളിലേക്ക് കയറിയാല്‍ കാണുന്ന അന്തരീക്ഷത്തില്‍ മുഖത്ത് ചിരി വരുത്തി, കസ്റ്റമറെ ക്ഷണിച്ച് വസ്ത്രങ്ങള്‍ വാങ്ങിപ്പിക്കാന്‍ ഉത്സാഹം കാണിക്കുന്നവരുടെ മനസ്സു നിറയെ വിഷമവും വേദനയുമാണ്. ആരോടും പറയാനാകാതെ വീര്‍പ്പുമുട്ടി നില്‍ക്കുന്ന കുറേ സ്ത്രീകളാണിവര്‍. പുറത്തെ വിശാലമായ ലോകം വെറും സ്വപ്‌നം മാത്രമാണിവര്‍ക്ക്. ഷോപ്പിനുള്ളില്‍ പട്ടിപ്പണിയും പീഡനവും മാത്രം ഏറ്റുവാങ്ങുകയാണിവര്‍. മണിക്കൂറുകളോളം നില്‍ക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനാവില്ല. വെള്ളം കുടിക്കാന്‍ അനുവദിക്കില്ല. ലാഡറോ സ്റ്റൂളോ ഇല്ലാതെ ഉയരമുള്ള ഷെല്‍ഫുകളില്‍ ജീവന്‍ പണയം വെച്ച് കയറണം.
പ്രാഥമിക കൃത്യ നിര്‍വഹണത്തിന് നാലു നിലകള്‍ ഇറങ്ങുകയും കയറുകയും വേണം. ഇങ്ങനെയുള്ള പീഡനങ്ങള്‍ സഹിച്ച് കഴിഞ്ഞ ഓണക്കാലത്ത് ആര്‍.കെ. വെഡ്ഡിംഗ് സെന്ററിന് കോടികളുടെ കച്ചവടം നടത്തിക്കൊടുത്ത ജീവനക്കാരെ പെട്ടെന്ന് ഒഴിവാക്കിയപ്പോഴാണ് ജീവനക്കാര്‍ പൊട്ടിത്തെറിച്ചത്. തുടര്‍ന്നാണ് പ്രതിഷേധവുമായി ഇവര്‍ കൊല്ലത്തെ ഷോപ്പിനു മുമ്പില്‍ നിന്നത്. കൊല്ലംകാരായ ജീവനക്കാര്‍ മോശമാണെന്നും, കൊല്ലത്തുള്ളവര്‍ ശരിയല്ലെന്നുമൊക്കെയുള്ള ആക്ഷേപം ആര്‍.കെ. വെഡ്ഡിംഗ് സെന്ററിന്റെ മാനേജ്‌മെന്റ് നടത്തിയെന്നും ഇവര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍, അന്നത്തെ വിശയം പരിഹരിക്കപ്പെട്ടെങ്കിലും പിന്നീട് സെന്ററിലെ ജീവനക്കാര്‍ക്കിടയില്‍ ഭയം വര്‍ദ്ധിച്ചു. തൊഴില്‍ തന്നെ നഷ്ടമാകുമോ എന്നാണ് ഭയം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍, ചോദിക്കുന്നതു പോലെ ‘ഇത്ര ചീപ്പായിരുന്നോ ഈ ആര്‍.കെ. വെഡ്ഡിംഗ് സെന്റര്‍ മാനേജ്‌മെന്റ്’
















