നിയമസഭയില്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തോടെ അന്താരാഷ്ട്രാ ഫിലിം ഫെസ്റ്റിവല്‍ (IFFK) നഷ്ടമാകുമോ എന്ന ആശങ്കയിലാണ് തലസ്ഥാനം. സിനിമയുമായി ബന്ധപ്പെട്ട് ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ നല്ല കാര്യങ്ങളോടും പൊതു സമൂഹം പിന്തുണ പ്രഖ്യാപിച്ചെങ്കിലും IFFKയുടെ കാര്യത്തില്‍ മാത്രം സംശയം ഉന്നയിച്ചിരിക്കുകയാണ്. കൊച്ചിയില്‍ ഫിലിംസിറ്റിയും, സിനിമയെ വ്യവസായമായി അംഗീകരിക്കുകയും ചെയ്തതോടെ പ്രധാന നടന്‍മാരെല്ലാം പൂര്‍ണ്ണ പിന്തുണയും സന്തോഷവും അറിയിച്ചു കഴിഞ്ഞു. എന്നാല്‍, IFFK യുടെ കാര്യത്തില്‍ ഒന്നും പറയുന്നുമില്ല. കൊച്ചിയെ സിനിമാ ഹബ്ബ് ആക്കി മാറ്റാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും തിരുവനന്തപുരത്തിന്റെ അഭിമാനമായ IFFKയെ പറിച്ചു കൊണ്ടു പോകാനുള്ള നീക്കത്തെ തടയുകയാണ് വേണ്ടത്.
ഐ.എഫ്.എഫ്.കെയ്ക്ക് തിരുവനന്തപുരവുമായുള്ളത് ജൈവബന്ധമാണ്. കേരള രാജ്യാന്തര ചലച്ചിത്രമേള എന്നാല്‍ ചലച്ചിത്ര പ്രേമികള്‍ക്ക് തിരുവനന്തപുരമാണ്. ലോകത്തിന്റെ പല കോണുകളിലുള്ള മനുഷ്യര്‍ ഒരു വിസ്മയം പോലെ ഒത്തുചേരുന്ന ഇടം. അതിനെ തകര്‍ക്കാനുള്ള ഒരു നീക്കവും അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊച്ചി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദി ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ലോകത്തെ എല്ലാ ചലച്ചിത്രമേളകളും അവ നടക്കുന്ന സ്ഥിരം വേദിയുടെ പേരില്‍ അറിയപ്പെടുന്നതു കൊണ്ടും ഫിയാഫിന്റെ അംഗീകാരമുള്‍പ്പെടെയുള്ള സാങ്കേതിക കാരണങ്ങളാലും ഐ.എഫ്.എഫ്.കെയുടെ വികേന്ദ്രീകരണം സാധ്യമല്ല. വേദി മാറ്റുകയെന്നാല്‍ മേള ഇന്നോളം ആര്‍ജ്ജിച്ചെടുത്ത നിലവാരത്തെ തന്നെ തകര്‍ക്കലാണ്.
കേവലം സിനിമ കാണിക്കാനുള്ള ഒരു ഇടം മാത്രമല്ല ഐ.എഫ്.എഫ്.കെ എന്നത്. അത് തിരുവനന്തപുരത്തിന്റെ ആഘോഷമാണ്. ലോകത്തിലേക്കൊരു കവാടം അനന്തപുരി തുറന്നിടുന്ന സമയം. നിരവധി കച്ചവട സ്ഥാപനങ്ങളും തൊഴിലാളികളും ആശ്രയിക്കുന്ന ഒരു ഉത്സവം. കൊച്ചി കേന്ദ്രീകരിച്ച് പുതിയൊരു ചലച്ചിത്രോത്സവം സംഘടിപ്പിക്കാവുന്നതാണ്. എല്ലാ ജില്ലകളിലും പഞ്ചായത്തുകളിലും സര്‍ക്കാറിന് ചലച്ചിത്രോത്സവം നടത്താം. റീജിയണല്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഇത്തരത്തില്‍ പലയിടങ്ങളിലായി നടക്കാറുണ്ടല്ലോ. ചലച്ചിത്രോത്സവം നടക്കുന്ന ദിവസം ലോകമാകെ തിരുവനന്തപുരത്തേക്ക് എത്തിച്ചേരുകയാണ്. ഭാഷയും സംസ്‌കാരവും പ്രായവും വ്യത്യാസമില്ലാതെ അനന്തപുരിയിലേക്ക് വ്യത്യസ്ത ദേശങ്ങളിലെ സിനിമാപ്രേമികള്‍ എത്തുന്ന ഉത്സവമായി കേരളത്തിന്റെ തലസ്ഥാനനഗരിയുടെ യശസ്സ് ആഗോളതലത്തില്‍ ഉയര്‍ത്തുന്ന ഐ.എഫ്.എഫ്.കെയെ തിരുവനന്തപുരത്തുനിന്ന് മാറ്റാനുള്ള ഏതൊരു നീക്കത്തെയും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നാണ് തലസ്ഥാന വാസികള്‍ പറയുന്നത്.
കേരളത്തിലെ ഏതൊരു ജില്ലയിലേതിനേക്കാള്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ തിരുവനന്തപുരത്തുണ്ട്. സര്‍ക്കാര്‍ തിയേറ്ററുകള്‍ ഇവിടെയുണ്ട്. ആസ്വാദകര്‍ക്ക് എത്തിച്ചേരാനും, തിരക്കുണ്ടെങ്കിലും ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കി തിയേറ്ററുകളില്‍ ഡെലിഗേറ്റുകള്‍ക്ക് എത്താനുമൊക്കെ തലസ്ഥാനം സൗകര്യപ്രദമാണ്. മാത്രമല്ല, ഇത്രയും നാള്‍ ഫെസ്റ്റ് നടത്തി പരിചയവും, സ്ഥിരം ഡെലിഗേറ്റുകള്‍ക്ക് സ്ഥലപരിചയവുമെല്ലാം തലസ്ഥാനത്തോടാണ്. ഇട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്, ബജറ്റിലൂടെയാണെന്നതാണ് പ്രത്യേകത. ഇത് സറിയയാ നടപടി അല്ലെന്ന് തലസ്ഥാനത്തെ എം.എല്‍.എമാരാണ് പറയേണ്ടത്.
















