എത്രയൊക്കെ എഴുതിയാലും ആ എഴുത്തൊന്നും കുറിക്കു കള്ളണമെന്നില്ല. എന്നാല്‍ ചില എഴുത്തുകള്‍ അതും, നേരവും കാലവും നോക്കാതെ എഴുതുന്ന എഴുത്തുകള്‍ ദൂരെക്കൂടെപ്പോയാലും ഏണിവെച്ച് പിടിച്ച പോലെ കൊള്ളും. ദേശാഭിമാനിക്ക് അല്‍പ്പം ക്ഷീണം സംഭവിപ്പിച്ച കഴിഞ്ഞ ഞയറാഴ്ചയ്ക്ക്, കാരണക്കാരനായ ടി.സി രാജേഷ് എന്ന എഴുത്തുകാരന്‍ (മാധ്യമ പ്രവര്‍ത്തകന്‍), ഒരു പാവം നാടകക്കാരനെ കുറിച്ചെഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെട്ടില്ല. ആരും വായിച്ചില്ല. എന്നിട്ടും ‘കള്ളന്‍ വിജയന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നാടകരക്കാരന്‍ ഫേമസ് ആയി. ലേഖനം ഒരു വാരാന്ത്യത്തിന് അന്ത്യം കുറിച്ചപ്പോള്‍, മറ്റെവിടെയും പ്രസിദ്ധീകരിക്കപ്പെടാതെ അന്ത്യശ്വാസം വലിക്കുമെന്നു കരുതിയതാണ്.
എന്നാല്‍, എന്താണ് എഴുതിയിരിക്കുന്നതെന്നും, എന്തുകൊണ്ടാണ് എഴുതിയതെന്നും ലോകം അറിയണമെന്നു കരുതിയ ലേഖകന്‍, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അത് പുറത്തു വിട്ടു. വായിച്ചവര്‍ക്കെല്ലാം ലേഖനം ഇഷ്ടപ്പെട്ടു. കമന്റും ലൈക്കുമൊക്കെയായി ലേഖനത്തിന് പിന്തുണയും നല്‍കി. എന്നാല്‍, ലേഖനത്തിനു പിന്നാലെ ഉയര്‍ന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ഉള്‍പാര്‍ട്ടീ പ്രശ്‌നം തീര്‍ന്നിട്ടില്ല. ലേഖനത്തിന്റെ പേരില്‍ എണ്ണംപറഞ്ഞ തലകള്‍ ഉരുളുമെന്നു തന്നെ ഭയക്കുന്നവരും കുറവല്ല. ലേഖനം അച്ചടിമഷി പുരളാത്തതിന്റെ സാങ്കേതികത്വം ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പറഞ്ഞു. ഇങ്ങനെയൊരു ലേഖനമുണ്ടോ എന്ന് ചോദിച്ചാല്‍, അറിയില്ല എന്നതില്‍ കൂടുതലൊന്നും പറയാനുമില്ലെന്ന് സ്വരാജ് പറഞ്ഞു.
സപ്ലിമെന്റ് അച്ചടിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണ്. അതില്‍ എന്തൊക്കെ വരണം, വരണ്ട എന്നു തീരമാനിക്കുന്നതും ദേശാഭിമാനിയാണ്. വന്നതെല്ലാം കൊടുക്കണമോ, വേണ്ടയോ എന്നും തീരുമാനിക്കുന്നത് ദേശാഭിമാനിയാണ്. അതുകൊണ്ട് ചോദ്യം ചെയ്യലോ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയോ ചെയ്യുന്നത് നീതിയല്ല ന്യായമല്ല. ഇങ്ങനെ വ്യക്തമായാണ് സ്വരാജ് പറഞ്ഞത്. ശരിയാണ്, ഒരു പത്രത്തിന്റെ പോളിസി തീരുമാനിക്കുന്നതും, അതില്‍ എന്തൊക്കെ വരണമെന്നും വരണ്ടെന്നും തീരുമാനിക്കുന്നതും ആ പത്രത്തിന്റെ കാര്യമാണ്. പത്രത്തില്‍ അച്ചടിച്ചു വന്ന ഒരു ലേഖനത്തിന്റെ കാര്യമാണ് പറയുന്നതെങ്കില്‍, അതിനെ വിമര്‍ശിക്കുകയോ വിവാദമാക്കുകയോ ചെയ്യാം.
ഇതിപ്പോള്‍ വന്നില്ല എന്നതു കൊണ്ട് ഒന്നും പറയാനാവില്ല. എന്നാല്‍, ദേശാഭിമാനിയിലേക്ക് ലേഖനം ത്യയാറാക്കിയിിട്ടുണ്ട്. അത് തയ്യാറാക്കിയ ആള്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്മതിച്ചിട്ടുണ്ട്. ലേഖനം അച്ചടിച്ചു വരാത്തതോടെ ഫേസ്ബുക്ക് പോസ്റ്റായി ലേഖനം വരികയും ചെയ്തു. ലേഖനത്തിലെ പ്രധാന കഥാപാത്രത്തെ പ്രശസ്തനാക്കിയതില്‍ നന്ദി പറഞ്ഞിട്ട പോസ്റ്റിലും കാര്യങ്ങള്‍ കൂടുതല്‍ തെളിച്ചമായി എഴുതുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ കൂട്ടി വായിച്ച വായനക്കാരെ മണ്ടന്‍മാരാക്കുന്ന പ്രസ്താവനകള്‍ വീണ്ടും വീണ്ടും പറയാതിരിക്കുകയാണ് വേണ്ടത്.
കുറഞ്ഞ പക്ഷം, കെ.ആര്‍. അജയന്‍ എന്ന ദേശാഭിമാനി ന്യൂസ് എഡിറ്ററും സപ്ലിമെന്റ് മേധാവിയെയും അറിയുന്നവര്‍, ഈ ലേഖനം എഴുതിയ ടി.സി രാജേഷ് എന്ന മാധ്യമ പ്രവര്‍ത്തകനെയും അറിയുന്നവര്‍ തലസ്ഥാനത്തുണ്ട്. ഒരാള്‍ ആവശ്യപ്പെടാതെ സപ്ലിമെന്റിലേക്ക് ലേഖനം എഴുതി അയയ്ക്കുന്നവരുണ്ട്. എന്നാല്‍, ഒരു ലേഖം എഴുതി തരൂ എന്നു പറഞ്ഞിട്ട്, അസൈന്‍മെന്റു പോലെ ആവശ്യപ്പെടുന്നവരുമുണ്ട്. എഴുതേണ്ട വിഷയത്തെ കുറിച്ച് മുന്‍കൂട്ടി പറഞ്ഞ് എഴുതിക്കുന്നവരുമുണ്ട്. ഇതെല്ലാം സപ്ലിമെന്റിന്റെ എഴുത്തു രാഷ്ട്രീയത്തില്‍ വരുന്നതാണ്. ഈ രാഷ്ട്രീയം മാത്രമാണ് ഈ ലേഖനത്തിലും സംഭവിച്ചിരിക്കുന്നത്.
നല്ല ലേഖനങ്ങള്‍ സപ്ലിമെന്റില് ഉള്‍പ്പെടുത്തുക എന്നതാണ് ഒരു ന്യൂസ് എഡിറ്ററുടെ ഉത്തരവാദിത്വം. ഒരു പത്രത്തിന്റെ സപ്ലിമെന്റ് എപ്പോഴാണ് ചെയ്യുന്നതെന്നും, അതില്‍ ലേഖനങ്ങള്‍ വാങ്ങുന്നത് എങ്ങനെയാണെന്നും, പ്രസിദ്ധീകരിക്കാനായില്ലെങ്കില്‍ എന്തു ചെയ്യുമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ സ്വാഭാവികമായി പത്രം ഓഫീസില്‍ നടക്കുന്ന കാര്യങ്ങളാണ്. അതിനു കടക വിരുദ്ധമായി സംഭവിക്കുമ്പോഴാണ്, കിട്ടിയ ലേഖനത്തില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാകുന്നത്. അങ്ങനെയൊരു പ്രശ്‌നമാണ് ദേശാഭിമാനിക്ക് കഴിഞ്ഞ ഞായറാഴ്ച ഉണ്ടായതെന്ന് മനസ്സിലാക്കാന്‍ അധികം ചിന്തിക്കേണ്ടതില്ല.
















