എന്‍.എസ്.എസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സില്‍ നിന്നും കെ.ബി ഗണേഷ്‌കുമാര്‍ പുറത്തായി. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്ാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായിരുന്ന മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പുറത്തായത്. എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു. പത്തനാപുരം എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സൊസൈറ്റി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ഗണേഷ് കുമാര്‍. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ട്രഷററായി എന്‍.വി.അയ്യപ്പന്‍പിള്ളയെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കാലാവധി തീര്‍ന്നതിനാലാണ് ഗണേഷിനെ വീണ്ടും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് എടുക്കാത്തതെന്നു ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. അല്ലാതെ പുറത്താക്കിയതല്ല. വര്‍ഷങ്ങളായി ബോര്‍ഡില്‍ സ്ഥാനം കിട്ടാത്തവരുണ്ട്. അവര്‍ക്ക് സ്ഥാനം കൊടുക്കണം. പ്രവര്‍ത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കില്‍ ഗണേഷിനു കേസ് കൊടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മരിക്കുന്നതുവരെ ഒരു സ്ഥാനത്തിരിക്കുന്ന ആളല്ല താനെന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അംഗത്വം പുതുക്കാത്തതില്‍ പ്രശ്‌നമില്ല. അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടില്ല. സ്ഥാനത്തിനുവേണ്ടിയല്ല എന്‍എസ്എസില്‍ വന്നത്. ജനറല്‍ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണ്. താന്‍ ജനത്തിനൊപ്പം ഉണ്ട്, എന്‍എസ്എസിനൊപ്പമുണ്ട്. പത്തനാപുരത്ത് എന്‍എസ്എസില്‍ നടന്നത് ശരിയല്ല. അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്‍എസ്എസിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ഗണേഷ് പറഞ്ഞു.
















