വിലക്കയറ്റത്തിന് ആനുപാതികമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഡി.എയും പെന്‍ഷന്‍കാര്‍ക്കുള്ള ഡി.ആറും ഇനി മുതല്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അതില്‍ യാതൊരുവിധ മുടക്കവും വരുത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. 2026-27ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതോടെ വരുന്ന ഒമ്പത് മാസത്തിനുള്ളില്‍ 2 ഗഡു ഡി.എയും 2 ഗഡു ഡി.ആറും ജീവനക്കാരുടെയുടെയും പെന്‍ഷന്‍കാരുടെയും അക്കൗണ്ടുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
ആദ്യ പടിയായി കഴിഞ്ഞ 2026 ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആര്‍ ഗഡു അടിയന്തിരമായി അനുവദിച്ചുകൊണ്ട് ഉടനെ ഉത്തരവിറക്കും. പിന്നാലെ വരാനിരിക്കുന്ന 2026 ജൂലൈ മുതലുള്ള അടുത്ത ഡിഎ ഗഡു, കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി പ്രഖ്യാപിക്കുന്ന സമയത്ത്, തന്നെ ഒട്ടും വൈകാതെ സംസ്ഥാനത്തും വിതരണം ചെയ്യുമെന്നാണ് വിവരം. വിലക്കയറ്റം മൂലം ജീവനക്കാരുടെ ജീവിതച്ചെലവ് വര്‍ധിക്കുമ്പോള്‍, അത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടിസ്ഥാന ശമ്പളത്തോടൊപ്പം നല്‍കുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കില്‍ ഡി.എ. പെന്‍ഷന്‍കാര്‍ക്ക് ഇതിനെ ക്ഷാമാശ്വാസം അല്ലെങ്കില്‍ ഡി.ആര്‍ എന്ന് പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷാമബത്ത നല്‍കാറുണ്ട്. നിലവില്‍, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാലങ്ങളിലെ ഡി.എ ചേര്‍ത്ത് കുടിശ്ശിക ഇനത്തില്‍ വലിയൊരു തുകയാണ് നല്‍കാറുള്ളത്. കൂടാതെ, 12-ാം ശമ്പള പരിഷ്‌കരണവും ഇതുവരെ നടപ്പാക്കിയിട്ടില്ല. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് ജീവനക്കാര്‍ കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ മങ്ങലേല്‍പ്പിച്ച് ശമ്പളപരിഷ്‌കരണത്തെ പറ്റി അദ്ദേഹം ഒന്നും പരാമര്‍ശിച്ചില്ല. ഒറ്റനോട്ടത്തില്‍, ഈ ബജറ്റില്‍ ജീവനക്കാര്‍ക്ക് പ്രയോജനകരമായി ഒന്നും തന്നെ ഇല്ലായെന്ന് തോന്നിയാലും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയും മുന്‍കാല പ്രാബല്യങ്ങള്‍ നിഷേധിച്ചും കടുത്ത പ്രതിസന്ധിയിലായിരുന്ന ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകുന്ന പ്രധാനപ്പെട്ട ഒരു കാര്യം ബജറ്റിലുണ്ടായിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നാല്പതിനായിരം കോടിക്ക് മുകളിലാണ്. ജീവനക്കാരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കുടിശ്ശികകള്‍ താല്കാലികമായി നല്‍കാന്‍ പഴയ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡി എ കുടിശ്ശികയുടെ മുന്‍ കാല പ്രാബല്യം 8 ഗഡുക്കളായി നല്‍കുമെന്നായിരുന്നു മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെഎന്‍ ബാലഗോപാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതില്‍ മറ്റുത്തരവുകളൊന്നും തുടര്‍ന്ന് ഉണ്ടായിട്ടില്ല.
ഇത്തവണ 2 ഗഡുവാണ് നല്‍കേണ്ടത്. ഇത് നടപ്പാക്കാന്‍ ഈ വര്‍ഷം 9000 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്. 2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് സര്‍ക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയില്‍ ഏറ്റവും വലിയ വിഹിതം സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. കണക്കുകള്‍ പ്രകാരം, 2021 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയില്‍ മൊത്തം 36,057 കോടി രൂപയുടെ കുടിശ്ശിക ആണ് ഉണ്ടായിട്ടുള്ളത്.
















