വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജിതിൻ ഭാസ്കറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തുടർന്ന് വടകര സബ് ജയിലിലേക്ക് മാറ്റി. ഫോൺ പരിശോധിച്ചാൽ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താം എന്ന പ്രതീക്ഷയിൽ ആയിരുന്നു വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. എന്നാൽ ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ പരിശോധിച്ചപ്പോഴാണ് ജിതിൻ ഭാസ്കർ ഫോൺ റീസെറ്റ് ചെയ്തെന്നു വ്യക്തമായത്. ഫോൺ റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ സമ്മതിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി ഫോൺ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് അയക്കും.
അതിനിടെ കാഫിർ സ്ക്രീൻഷോട്ട് കേസ് പൊലീസ് വഴി തിരിച്ചുവിടുന്നു എന്ന് ആരോപിച്ച് സിപിഐഎം വടകര എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. ചില പൊലീസുകാർ വിടുപണി ചെയ്യുന്നുവെന്നും ഈ പൊലീസുകാരൊക്കെ വീടുകളിലേക്ക് പോകേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചാൽ അവർ പോവില്ലെന്നും സി പി ഐ എം സെക്രട്ടറി എം മെഹ്ബൂബ് പറഞ്ഞു. എന്നാൽ എസ്.ഐ.ടി അന്വേഷണത്തിൽ ഒരു തിരക്കഥയും ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
Story Highlights : Vadakara Kafir screenshot case; Jithin Bhaskar remanded
















