തെക്കന്‍ മേഖലയില്‍ ഉണ്ടായ ശക്തമായ ഇടടിമിന്നലില്‍ വിറച്ച് ബ്രിട്ടണ്‍. ഒരേ സമയം നൂറില്‍ കൂടുതല്‍ മിന്നലുകള്‍ ബ്രിട്ടന്റെ തെക്കന്‍ മേഖലയെ ഗ്രസിക്കുമ്പോള്‍ മരണഭീതിയോടെ വീടുകളില്‍ കഴിയുകയാണ് ജനം. മണിക്കൂറുകള്‍ക്കിടെ ലണ്ടനില്‍ മാത്രം 3,000ത്തോളം മിന്നലുകള്‍ പതിച്ചതായി കാലാവസ്ഥാ നിരീക്ഷകര്‍. തെക്കന്‍ ബ്രിട്ടനില്‍ രാത്രി 7,000ത്തോളം മിന്നലുകളാണ് രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്രിസ്റ്റല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
നിരവധി വിമാനങ്ങള്‍ വൈകുകയും ചില സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. നാശനഷ്ടങ്ങള്‍ വ്യാപകമാണ്. ഇതിന്റെ കണക്കുകള്‍ അധികൃതര്‍ രേഖപ്പെടുത്തുന്നതേയുള്ളൂ. പശ്ചിമ ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റണ്‍ബറി, ഷെപ്റ്റണ്‍ മലറ്റ്, ബ്രിസ്റ്റല്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ബ്രിസ്റ്റലില്‍ മിന്നലേറ്റതിനെ തുടര്‍ന്ന് ഒരു വീടിന് തീപിടിച്ചു. വീടിന്റെ മേല്‍ക്കൂരയും ഒന്നാം നിലയും കത്തിനശിച്ചതായി അഗ്‌നിരക്ഷാസേന അറിയിച്ചു. ആളപായമില്ല. ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന് രാത്രി മുഴുവന്‍ 400ലേറെ അടിയന്തര കോളുകളാണ് ലഭിച്ചത്. മിന്നലേറ്റുണ്ടായ വീടുകളിലെ തീപിടിത്തങ്ങളും മഴയെ തുടര്‍ന്ന് വെള്ളം കയറിയതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കൂടുതലെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ റെയില്‍ ഗതാഗതവും താളംതെറ്റി. സിഗ്‌നല്‍ സംവിധാനങ്ങളില്‍ തകരാര്‍ ഉണ്ടായതോടെ ട്രെയിനുകളുടെ വേഗം കുറച്ചു. ഇതോടെ നിരവധി സര്‍വീസുകള്‍ വൈകി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, ഇടിമിന്നലിനും മഴയ്ക്കും പിന്നാലെ ബ്രിട്ടന്‍ അതിശക്തമായ ഉഷ്ണതരംഗത്തിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ യൂറോപ്പിന് മുകളില്‍ രൂപപ്പെടുന്ന ‘ഹീറ്റ് ഡോം’ കാരണം ബുധനാഴ്ചയും വ്യാഴാഴ്ചയും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുമെന്നാണ് പ്രവചനം.
1976ല്‍ ഹാംപ്ഷയറില്‍ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെല്‍ഷ്യസ് എന്ന ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ഇത്തവണ മറികടക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി റെഡ് ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു. ആരോഗ്യമുള്ളവര്‍ക്കുപോലും ജീവന് ഭീഷണിയാകുന്ന സാഹചര്യമാണ് മുന്നിലുള്ളതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.