കണ്ണൂര്‍ വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന ദുരൂഹതയില്‍ പ്രതികരണവുമായി കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ ഭാര്യ നിഖില. സിജോ അപായപ്പെടാനുള്ള സാധ്യതയില്ലെന്നും അദ്ദേഹത്തിന് ആരുമായും ശത്രുതയോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും നിഖില. കല്ലറയില്‍ കണ്ടെത്തിയെന്ന് സംശയിക്കപ്പെടുന്ന മൂന്നാമത്തെ മൃതദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ സിജോയുടേതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഭാര്യയുടെ പ്രതികരണം.
പന്ത്രണ്ട് വര്‍ഷമായി സിജോ നാടുവിട്ടുപോയിട്ട്. ആറു വര്‍ഷം മുന്‍പ് അദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിജോയ്ക്ക് വാണിയപ്പാറ പ്രദേശവുമായി യാതൊരു ബന്ധവുമില്ല. ആരെങ്കിലും അദ്ദേഹത്തെ അപായപ്പെടുത്തിയാല്‍ തന്നെ അത് വിലങ്ങാട് ഭാഗത്തു മാത്രമേ സാധ്യതയുള്ളൂ. മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മദ്യപിച്ചാല്‍ വീട്ടില്‍ വന്ന് കിടന്നുറങ്ങുന്ന പ്രകൃതമായിരുന്നു. അതിനാല്‍ കല്ലറയിലുള്ളത് സിജോ അല്ലെന്നാണ് തന്റെ വിശ്വാസമെന്നും, കുടുംബത്തിന്റെ സംശയം തീര്‍ക്കാന്‍ അന്വേഷണം നടക്കട്ടെ എന്നും നിഖില വ്യക്തമാക്കി.
സിജോയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വാണിയപ്പാറ പള്ളിയിലെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. സംശയം ദൂരീകരിക്കണമെന്ന പള്ളി അധികാരികളുടെയും കുടുംബത്തിന്റെയും ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇരിട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയല്‍ സംഘത്തിന്റെയും പേരാവൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നടപടികള്‍.
2006ല്‍ അടക്കം ചെയ്ത മറിയക്കുട്ടി, 2015ല്‍ അടക്കം ചെയ്ത ജെയിംസ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഈ കല്ലറയിലുള്ളതെന്നാണ് പൊലീസിന്റെ നിലവിലുള്ള നിഗമനം. എന്നാല്‍ കല്ലറയ്ക്കുള്ളില്‍ രണ്ടില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ അന്വേഷണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന നടപടിക്രമങ്ങള്‍ക്കായി ഒന്‍പത് സാക്ഷികളെയും പൊലീസ് സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.
















