സി.എം.ആര്‍.എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ ഇ.ഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. രണ്ടാം തവണയാണ് ഇഡിക്ക് മുന്നില്‍ വീണ ഹാജരാവുന്നത്. അടുത്ത തിങ്കളാഴ്ചക്കുള്ളില്‍ ഹാജരാവാനായിരുന്നു ഇ.ഡി നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകള്‍ ഇ.ഡിക്ക് ഇന്നലെ ലഭിച്ചു. കേസില്‍ എസ്.എഫ്.ഐ.ഒ 134 രേഖകളാണ് ഇ.ഡിക്ക് കൈമാറിയിരിക്കുന്നത്. നേരത്തേ കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും എസ്.എഫ്.ഐ.ഒയില്‍ നിന്നും രേഖകള്‍ ലഭിക്കാന്‍ താമസം നേരിട്ടു. ഇതിനു പിന്നാലെയാണ് വീണ ഇന്ന് ഹാജരായിരിക്കുന്നത്. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍.
മാസപ്പടി കേസില്‍ തുരന്വേഷണം ആവാമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ എട്ട് പ്രതികള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീണ കോടതിയില്‍ ഹാജരാവുകയായിരുന്നു. സി.എം.ആര്‍.എല്‍ എന്ന സ്വകാര്യ കമ്പനിയും, ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐ.ടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്.
എക്സാലോജിക് നല്‍കിയ ഐ.ടി സേവനങ്ങള്‍ക്കുള്ള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സി.എം.ആര്‍.എല്‍ 1.72 കോടി രൂപ നല്‍കിയെന്നും, എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്. തുടര്‍ന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തത്. യാതൊരു സേവനവും നല്‍കാതെ കൈപ്പറ്റിയ തുക അനധികൃത സാമ്പത്തിക ഇടപാടാണോ എന്നും, ഇതില്‍ കള്ളപ്പണ വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്.
















