സത്യപ്രതിജ്ഞാ ലംഘന വിവാദത്തെ തുടര്‍ന്ന് തമ്മിലടിച്ച് നഗരത്തിലെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഓര്‍ത്തോ സര്‍ജറി വാര്‍ഡുകളിലാണ് ഇപ്പോള്‍ തിരുവനന്തപുരം നഗരസഭാ മേയറും കൗണ്‍സിലര്‍മാരും. തമ്മിത്തല്ലില്‍ പരിക്കേറ്റ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും ആശുപത്രിിലാണ്. തമ്മിലടിച്ചവര്‍ തമ്മില്‍ വീണ്ടും പോരാട്ടം തുടരുമെന്ന നില വന്നതോടെ യു.ഡി.എഫ് രാഷ്ട്രീയമായി ഇടപെടാന്‍ ഒരുങ്ങുകയാണ്. അതായത്, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നു. സ്വതന്ത്രരുടെ പിന്‍ബലത്തില്‍ ഭരണം നടത്തിയിരുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ വലിയ പ്രശ്‌നം വന്നിരിക്കുകയാണ്. കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതോടെ കൗണ്‍സിലര്‍ പദവി നഷ്ടമാകും. അങ്ങനെവന്നാല്‍, ബി.ജെ.പിയുടെ ഭൂരിപക്ഷവും നഷ്ടമാകും.
ഇത് മുന്നില്‍ കണ്ടാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടു വരാനുള്ള നീക്കം നടത്തുന്നത്. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നത്. ഇന്നു വൈകിട്ട് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് കോര്‍പ്പറേഷന്റെ ഭാവി തീരുമാനിക്കും. കൗണ്‍സില്‍ യോഗം വിളിക്കാന്‍ പോലും ഭരണസംവിധാനം തയാറാകുന്നില്ലെന്നും ഭരണപരമായ ഒരു കാര്യങ്ങളും നടക്കുന്നില്ലെന്നുമാണ് യു.ഡി.എഫ് ആരോപണം. അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം യു.ഡി.എഫിന് ഒറ്റയ്ക്കില്ലാത്ത സാഹചര്യത്തില്‍ എല്‍.ഡി.എഫ് ഇതുമായി സഹകരിക്കുമോ എന്നാണ് നോക്കുന്നത്.
101 അംഗ കോര്‍പ്പറേഷനില്‍ 50 സീറ്റുള്ള ബി.ജെ.പി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണു ഭരിക്കുന്നത്. യു.ഡി.എഫിന് 20 സീറ്റും എല്‍.ഡി.എഫിന് 29 സീറ്റും. യു.ഡി.എഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്രനുമുണ്ട്. 29നാണ് കൗണ്‍സില്‍ യോഗം. യു.ഡി.എഫും എല്‍.ഡി.എഫും യു.ഡി.എഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും കൈകോര്‍ത്താല്‍ 50 പേര്‍ ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകും. കൗണ്‍സിലര്‍മാരുടെ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് എടുത്തത്. എല്‍.ഡി.എഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ക്കും ഡപ്യൂട്ടി മേയര്‍ക്കും എതിരെയും ബി.ജെ.പി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ്.പി. ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്.
വിഴിഞ്ഞം ഹാര്‍ബര്‍ വാര്‍ഡില്‍ രാജീവ് ഗാന്ധി ആവാസ് യോജനയില്‍പ്പെടുത്തി നിര്‍മ്മച്ചു നല്‍കിയ ഫ്‌ളാറ്റ് നാലു വര്‍ഷത്തിനുള്ളില്‍ തന്നെ കോണ്‍ക്രീറ്റ് പൊളിഞ്ഞു തുടങ്ങിയ സംഭവം അന്വേഷിക്കാന്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തുമെന്നു മേയര്‍ വി.വി.രാജേഷ്. സ്മാര്‍ട് സിറ്റി നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച് ഫൊറന്‍സിക് ഓഡിറ്റിങ് നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ പറഞ്ഞു.
















