അമ്മയിലെ പൊട്ടിത്തെറിയും ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതും സംഘടനയിലെ ഗ്രൂപ്പിസം വർധിപ്പിക്കുകയാണ് ഉണ്ടായത്. പരസ്പരമുള്ള ആരോപണങ്ങൾ വീണ്ടും ശക്തമാവുകയാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിന് ഇടയിലാണ് വീണ്ടും പൊലീസിൽ പരാതിയുമായി അൻസിബ രംഗത്ത് എത്തിയിരിക്കുന്നത്. ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കും എതിരെയാണ് പരാതി. ലക്ഷമി പ്രിയയും ശ്വേത മേനോനും തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും വ്യാജ ആരോപണങ്ങൾ കെട്ടിച്ചമക്കുന്നു, സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയൊ നിർമ്മിച്ച് പ്രചരിപ്പിച്ചു എന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ശ്വേത തിരുവനന്തപുരത്തെ PR ഏജൻസിയുമായി കരാറുണ്ടാക്കി എന്നും അൻസിബയുടെ പരാതിയിൽ പറയുന്നു.
ഇതിനിടയിൽ ഓൺലൈനായി അഡ്ഹോക് കമ്മിറ്റി ഓൺലൈൻ ആയി ആദ്യയോഗം ചേർന്നുവെന്ന് കൺവീനർ ആയ രമേശ് പിഷാരടി എംഎൽഎ പറഞ്ഞു. ആരോപണങ്ങൾ നിലനിൽക്കുന്നതിന് ഇടയിൽ മുൻ അദ്ധ്യക്ഷ ശ്വേതാ മേനോൻ ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അസുഖം ആയതിനാൽ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ഭരണസമിതികളുടെയും മുഴുവൻ കണക്കുകളും വിശദമായ ഓഡിറ്റിന് വിധേയമാക്കണമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇക്കാര്യത്തിൽ അഡ്ഹോക്ക് കമ്മിറ്റി എടുക്കുന്ന തീരുമാനവും നിർണായകമാകും. അങ്ങനെ ഉണ്ടായില്ലെങ്കിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വന്ന കമ്മിറ്റിയെ താഴെയിറക്കാൻ ബോധപൂർവമായ അജണ്ട സൃഷ്ടിച്ചുവെന്ന വാദത്തിന് ബലം നൽകും.
Story Highlights : Ansiba files police complaint against Shweta Menon and Lakshmi Priya
















