തിയേറ്ററുകളില്‍ ചിരിപ്പൂരം ഒരുക്കിയ മോഹിനിയാട്ടത്തിന് പിന്നാലെ സൈജു കുറുപ്പിന്റെ ഭരതനാട്യം ഫ്രാഞ്ചൈസിയില്‍ നിന്ന് മൂന്നാം ചിത്രം വരുന്നു രാസലീല. സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ മോഹിനിയാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ഭരതനാട്യത്തിന് മൂന്നാംഭാഗം വരുന്നത്. രാസലീല എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. കൃഷ്ണദാസ് മുരളി തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കിയിരിക്കുന്നത്. സിനിമ ഹൊറര്‍ കോമഡി ത്രില്ലറാണെന്നാണ് സൂചന. ഫ്രാഞ്ചൈസിയുടെ സക്സസ് മീറ്റിനിടെ സായികുമാറും കലാരഞ്ജിനിയും ചേര്‍ന്നായിരുന്നു സിനിമയുടെ പേര് അനൗണ്‍സ് ചെയ്തത്. മൂന്നാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൈജു കുറുപ്പ്, സായികുമാര്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2024ലായിരുന്നു കൃഷ്ണദാസ് മുരളി ഭരതനാട്യം ഒരുക്കിയത്. ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നില്ല. എന്നാല്‍ ഒ.ടി.ടി റിലീസോടെ വലിയ പ്രശംസ നേടി. ഈ വിജയത്തിന് പിന്നാലെ ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് മോഹിനിയാട്ടം തിയേറ്ററുകളിലെത്തികയായിരുന്നു. ഡാര്‍ക് കോമഡി ജോണറലായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. സൈജു കുറുപ്പിനും കലാരഞ്ജിനിക്കും പുറമേ ബേബി ജീനും സുരാജ് വെഞ്ഞാറമൂടും കൂടിയെത്തിയപ്പോള്‍ സിനിമ പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുക്കുകയായിരുന്നു.
















