Kerala

‘നവോമി’ എന്നാല്‍ മാലാഖയുടെ പേരാകുന്നു ?: മസ്തിഷ്‌ക മരണം സംഭവിച്ച നവോമി ഇനി 6 പേരിലൂടെ ജീവിക്കും; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തൃശ്ശൂര്‍ വടക്കാഞ്ചേരി വാണിയ കിഴക്കേല്‍ വീട്ടില്‍ സ്വദേശിനി നവോമി വിന്‍സെന്റ് (23) ഇനി ആറുപേരിലൂടെ ജീവിക്കും. അകാലത്തിലുണ്ടായ വിയോഗത്തിന്റെ വലിയ ദുഃഖത്തിലും അവയവദാനമെന്ന മഹത്തായ തീരുമാനമെടുത്ത നവോമിയുടെ കുടുംബത്തോട് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.

നവോമിയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍, ഹൃദയവാല്‍വ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കി. ഹൃദയവാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലേക്കും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലേക്കുമാണ് (ആര്‍.ഐ.ഒ) കൈമാറിയത്. കെ-സോട്ടോയാണ് അവയവദാന പ്രക്രിയകള്‍ പൂര്‍ണ്ണമായും ഏകോപിപ്പിച്ചത്. അവയവങ്ങള്‍ മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ പുരോഗമിക്കുകയാണ്.

തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ നവോമി, തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്ഥാപനത്തില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനായുള്ള യാത്രയ്ക്കിടയിലാണ് അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ 25ന് (വ്യാഴാഴ്ച) പുലര്‍ച്ചെ നാലോടെ കൊട്ടാരക്കര വാളകത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന അമ്മ ജിപ്‌സി തങ്കച്ചന്‍, അനിയന്‍ ജോയല്‍ വിന്‍സെന്റ് എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ജോയലായിരുന്നു വാഹനം ഓടിച്ചിരുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നവോമിയെ തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂണ്‍ 28 ഞായറാഴ്ച രാവിലെ 9.28 ഓടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് അച്ഛന്‍ വിന്‍സെന്റും സഹോദരി എയ്ഞ്ചല്‍ മരിയ വിന്‍സെന്റും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അമ്മ ജിപ്‌സിയും അനിയന്‍ ജോയലും നിലവില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.