ശബരിമല സ്വർണ്ണക്കൊളള കേസിൽ പി.എസ്.പ്രശാന്തും എ.അജികുമാറും കൂടി പ്രതികളായതോടെ ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ സംശയനിഴലിലായി. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളും നേതാക്കളും ഒന്നിച്ചുളള ചിത്രങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസിനെ പഴിചാരാൻ ശ്രമിക്കുന്നതിനിടെ, രണ്ടാമത്തെ ഭരണസമിതി കൂടി കേസിൽ അകപ്പെട്ടത് എൽഡിഎഫിന് വലിയ തിരിച്ചടിയാണ്. 2017 -18 കാലത്തേതിന് സമാനമായ കൊളളക്ക് 2025ലും കളമൊരുക്കി എന്ന കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തിയാണ് അക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന പ്രശാന്തിനെയും അംഗം എ.അജി കുമാറിനെയും പ്രത്യേക അന്വേഷണസംഘം പ്രതികളാക്കിയിരിക്കുന്നത്.
തങ്ങളുടെ ഭരണ കാലത്ത് ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശാൻ നടന്ന നടപടിയിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് അവകാശപ്പെട്ടിരുന്ന പി.എസ്. പ്രശാന്തും എ.അജികുമാറും അവകാശപ്പെട്ടിരുന്നത്. ഈ അവകാശം വാദങ്ങൾ തളളിക്കൊണ്ടാണ് പി.എസ്.പ്രശാന്തിനെയും എ.അജികുമാറിനെയും ഇപ്പോൾ പ്രതിചേർത്തിരിക്കുന്നത്. കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് വന്ന പി.എസ്.പ്രശാന്ത് പാർട്ടിയുടെ നെടുമങ്ങാട് ഏരിയാ കമ്മിറ്റി അംഗവും കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സിപിഐയുടെ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് മുൻ അംഗമായിരുന്ന എ.അജി കുമാർ ഇപ്പോൾ നടപടിക്ക് വിധേയനായി കായംകുളം മണ്ഡലം കമ്മിറ്റി അംഗമാണ്. മുന്നണിയിലെ രണ്ട് പ്രധാന പാർട്ടികളുടെയും നേതാക്കൾ സ്വർണക്കൊളളയിൽ പ്രതികളായത് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ്.
ആദ്യ കൊളളയിൽ എ. പത്മകുമാർ പ്രതിയായപ്പോൾ അദ്ദേഹത്തിനെതിരെ സംഘടനാ നടപടി സ്വീകരിക്കണമെന്ന് മുറവിളി ഉയർന്നിരുന്നു. സമാനമായ ആവശ്യം പ്രശാന്തിന്റെയും അജി കുമാറിന്റെയും കാര്യത്തിലും ഉയരും. തിരഞ്ഞെടുപ്പ് കാലത്ത് ആരോപണം കോൺഗ്രസിന് നേരെ വഴിതിരിച്ചുവിടാനായിരുന്നു എൽഡിഎഫിന്റെ ശ്രമം. എന്നാൽ അതല്ലൊം പഴായിപ്പോയെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. പി.എസ്.പ്രശാന്തിന്റെ കാലത്തെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരമേറ്റ ശേഷം ഇപ്പോഴത്തെ ദേവസ്വം മന്ത്രി കത്ത് നൽകിയിരുന്നു. അതിന് പിന്നാലെ തന്നെ പ്രശാന്ത് പ്രതിയായത് യു.ഡിഎഫിന് പ്രചരണായുധമാകും.
Story Highlights : Sabarimala gold theft: Two main governing bodies of LDF under suspicion
















