സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിക്കാനുള്ള ശുപാർശയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നു. ശേഷാദ്രിനാഥിന് സംഘപരിവാർ പശ്ചാത്തലമുണ്ടെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഡൽഹി നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. പാർട്ടിയിൽ ആവശ്യമായ കൂടിയാലോചനകൾ നടത്താതെയുള്ള ഈ നിയമന നീക്കത്തിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്.
ഈ സാഹചര്യത്തിൽ വിഷയത്തിൽ രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി പി. എം. നിയാസ് കത്ത് നൽകി. ഈ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ തന്നെ മുഖ്യമന്ത്രിയെ കാണുമെന്നും നിയാസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഒളിക്കാൻ ഒന്നുമില്ലെങ്കിൽ നിയമന വാർത്ത പുറത്തുവന്നതിന് പിന്നാലെ ശേഷാദ്രിനാഥിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ അപ്രത്യക്ഷമായത് എന്തിനാണെന്ന് പി എം. നിയാസ് വീണ്ടും ചോദ്യമുയർത്തി. കഴിഞ്ഞ 15 വർഷത്തെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ പരിശോധിച്ചാൽ സംഘപരിവാർ ബന്ധം വ്യക്തമാകുമെന്നും, ഇക്കാര്യങ്ങൾ ഇനിയും ബോധ്യപ്പെടാത്ത കെ. എം. ഷാജിക്ക് ഇതിന്റെ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും നിയാസ് ആവശ്യപ്പെട്ടു.
എന്നാൽ, ഈ വിവാദങ്ങൾക്കിടെ നിയാസിനെതിരെ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി ഷാജർ പരസ്യമായി രംഗത്തെത്തിയത് കോൺഗ്രസിലെ ഭിന്നത രൂക്ഷമാക്കി. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാന്യന്മാരായ ന്യായാധിപന്മാരെ സംഘിപ്പാളയത്തിൽ കെട്ടാൻ ശ്രമിക്കരുതെന്നാണ് ഷാജറിന്റെ വിമർശനം. ചിലരുടെ ഇത്തരം സ്വാർത്ഥത മൂലമാണ് കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസിന് കിട്ടേണ്ടിയിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ബിജെപിക്ക് ലഭിച്ചതെന്നും ഷാജർ തുറന്നടിച്ചു.
















