കേന്ദ്രസര്‍ക്കാരിന്റെ എഫ്.സി.ആര്‍.എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു. 111 പേര്‍ പ്രമേയത്തെ അനുകൂലിക്കുകയും 2 പേര്‍ എതിര്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 118 പ്രകാരം അവതരിപ്പിക്കുന്ന ഗവണ്‍മെന്റ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.
സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പിന്നാക്ക, ട്രൈബല്‍ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ചട്ടഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എ വി.മുരളീധരന്‍ അവതരിപ്പിച്ച ഭേദഗതികള്‍ പ്രമേയത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമായതിനാല്‍ നിരാകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് പ്രമേയം വോട്ടിനിടുകയായിരുന്നു.
-
സര്‍ക്കാര്‍ പ്രമേയം പൂര്‍ണ്ണ രൂപത്തില്‍
വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ 2026 ജൂണ്‍ 22നു പുറപ്പെടുവിച്ച ചട്ടങ്ങളിലെ (Foreign Contribution (Regulation) Amendment Rules, 2026) വ്യവസ്ഥകള്‍ രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ-ചാരിറ്റി സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ദശാബ്ദങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, അശരണര്‍ക്കുള്ള ചികിത്സാ സഹായം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വലിയ തോതില്‍ പിന്തുണയേകുന്ന സേവനമാണ് സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ നിര്‍വ്വഹിക്കുന്നത്.
സുതാര്യത ഉറപ്പാക്കാനെന്ന പേരില്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയും പാര്‍ലമെന്റില്‍ അവതരിപ്പിച്ച Foreign Contribution (Regulation) Amendment Bill, 2026 ലെ വ്യവസ്ഥകളും യഥാര്‍ത്ഥത്തില്‍ സിവില്‍ സൊസൈറ്റി സംഘടനകളുടെ സ്വയംഭരണാവകാശത്തെയും ജനാധിപത്യപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ്. പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വിദേശ സംഭാവന അനുവദിച്ചിരുന്നതിന് പകരം സാമൂഹികം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമ്പത്തികം, മതം എന്നീ 5 വിഭാഗങ്ങളിലായി നിര്‍ദ്ദേശിച്ചിട്ടുള്ള 105 മേഖലകളിലേക്ക് സംഘടനകളുടെ പ്രവര്‍ത്തന മേഖല പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സംഘടനയ്ക്ക് മറ്റൊരു സംസ്ഥാനത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ വീണ്ടും രജിസ്‌ട്രേഷന്‍ എടുക്കണം എന്നതും സന്നദ്ധ പ്രവര്‍ത്തനങ്ങളെ പ്രായോഗികമായി തടസ്സപ്പെടുത്തുന്ന നിബന്ധനയാണ്.
സ്വീകരിക്കുന്ന വിദേശ ഫണ്ടിന്റെ ആദ്യ ഗഡു ഉപയോഗിച്ചുവെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ തുടര്‍ന്നുള്ള ഗഡുക്കള്‍ നല്‍കൂ എന്ന വ്യവസ്ഥ പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ തടസ്സമാകുന്നതാണ്. ചട്ട ലംഘനം നടത്തിയാല്‍ ലഭിച്ച സംഭാവനയുടെ 30% വരെ കനത്ത പിഴ ഈടാക്കുമെന്ന വ്യവസ്ഥ ചെറിയ സാങ്കേതിക പിഴവുകളുടെ പേരില്‍ പോലും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും സാമ്പത്തികഭദ്രത ഇല്ലാതാക്കുന്ന സമീപനമാണ്.
സംഘടനയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ഭാരവാഹികളുടെയും വ്യക്തിപരമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്ഥാപനവുമായോ മാനേജ്‌മെന്റുമായോ ബന്ധപ്പെട്ടവരോ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പുസ്തകം, മാസിക, വാര്‍ത്ത മാധ്യമങ്ങളിലൂടെയുള്ള പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ നടത്തിയിട്ടുണ്ടെങ്കില്‍ ഉള്ളടക്കത്തിന്റെ ചുരുക്കം ഉള്‍പ്പടെ വിശദാംശങ്ങള്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂട നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സമാനമായ വ്യവസ്ഥയാണിത്.
കീ ഫങ്ഷണറി’ (Key Functionary) എന്ന പദത്തിന്റെ പരിധി ഡയറക്ടര്‍മാര്‍, ട്രസ്റ്റിമാര്‍, പങ്കാളികള്‍ എന്നിവരിലേക്ക് വിപുലീകരിക്കുന്നതിലൂടെ ഭാരവാഹികള്‍ക്കും ഡയറക്ടര്‍മാര്‍ക്കും പുറമെ ട്രസ്റ്റിമാര്‍, പാര്‍ട്ണര്‍മാര്‍ എന്നിവരെക്കൂടി പരിധിയില്‍ കൊണ്ടുവരികയും, നിയമലംഘനങ്ങള്‍ക്ക് ഇവരെക്കൂടി ഉത്തരവാദികളാക്കി കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. സാങ്കേതികമായ എന്തെങ്കിലും നിയമലംഘനം നടന്നാല്‍ പോലും ഇവര്‍ വ്യക്തിപരമായി ശിക്ഷിക്കപ്പെടാമെന്നത് സാമൂഹിക സേവന, സന്നദ്ധ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരാന്‍ താല്പര്യപ്പെടുന്ന പ്രമുഖ വ്യക്തികളെയും വിദഗ്ധരെയും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ്.
2026-ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം
ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കുകയോ, സസ്‌പെന്‍ഡ് ചെയ്യുകയോ, പുതുക്കാതിരിക്കുകയോ ചെയ്താല്‍, ആ സംഘടന വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആസ്തികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഒരു ഡെസിഗ്‌നേറ്റഡ് അതോറിറ്റിയെ (Designated Authority) നിയമിക്കാവുന്നതാണ്. പ്രസ്തുത അതോറിറ്റിക്ക് ലൈസന്‍സ് റദ്ദാക്കപ്പെടുന്ന സംഘടനകളുടെ സ്വത്തുക്കള്‍ പൂര്‍ണ്ണമായി കണ്ടുകെട്ടാനും കൈകാര്യം ചെയ്യാനും വില്‍ക്കാനുമുള്ള വിപുലമായ അധികാരം നല്‍കുന്നു. കോടതിയുടെ മുന്‍കൂര്‍ അനുമതിയോ കൃത്യമായ ജുഡീഷ്യല്‍ പരിശോധനയോ ഇല്ലാതെ, ഒരു ഭരണപരമായ ഉത്തരവിലൂടെ സംഘടനകളുടെ വര്‍ഷങ്ങളുടെ അധ്വാന ഫലം കൈക്കലാക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനവും നിയമവാഴ്ചയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധവുമാണ്.
വിദേശ ഫണ്ടുകള്‍ കൈമാറുന്നതിനും (Sub-granting) ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ താഴെത്തട്ടില്‍ ജനസേവനം നടത്തുന്ന ചെറുകിട കൂട്ടായ്മകളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുന്നു. നിയമവിരുദ്ധമായ ഫണ്ടിംഗുകള്‍ തടയപ്പെടേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും, സുതാര്യമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം പോലും പ്രായോഗികമായി അസാധ്യമാക്കുന്ന രീതിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം കര്‍ശനമായ ഭേദഗതികള്‍ വഴി കോടിക്കണക്കിന് രൂപയുടെ വിദേശ സഹായമാണ് സാധാരണക്കാരായ ജനങ്ങളിലേക്ക് എത്താതിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമൂഹിക വികസന സൂചികകളെപ്പോലും ദോഷകരമായി ബാധിക്കുന്നതാണ്.
‘മതപരിവര്‍ത്തന ശ്രമങ്ങള്‍’ (Proselytisation) എന്ന വ്യക്തമായി നിര്‍വചിക്കപ്പെടാത്ത പ്രയോഗം ചട്ട ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്,
തദ്ദേശീയരുടെയും ആദിവാസികളുടെയും വിശ്വാസരീതികള്‍, ആചാരങ്ങള്‍, ആരാധനാ സമ്പ്രദായങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുവാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാവുന്നതാണ്. ഇത് പിന്നാക്ക, ട്രൈബല്‍ മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.
ആയതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 20, 25 എന്നിവയിലെ വ്യവസ്ഥകള്‍ ലംഘിയ്ക്കുന്നതും ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായതും രാജ്യത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നതുമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി നിര്‍ദേശവും (Foreign Contribution (Regulation) Amendment Bill, 2026) ചട്ട ഭേദഗതിയും (Foreign Contribution (Regulation) Amendment Rule, 2026) അടിയന്തരമായി പിന്‍വലിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
















