തിരുവനന്തപുരം പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ കാല് കുട്ടിയുടെ പിതാവ് തല്ലിയൊടിച്ചു. തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. 13 വയസുകാരിയെ തൊട്ടടുത്ത വീട്ടിലെ 40കാരന്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ ദൃശ്യം കണ്ട മറ്റൊരാള്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. ഓടിയെത്തിയ പിതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് നേരില്‍ കാണുകയും, ഉടന്‍ തന്നെ കൈയ്യില്‍ കിട്ടിയ മരക്കഷ്ണം ഉപയോഗിച്ച് പ്രതിയുടെ കാല് തല്ലിയൊടിക്കുകയുമായിരുന്നു.
എന്നാല്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ തന്നെ ആക്രമിച്ചു എന്ന് കാണിച്ച് പ്രതി പൊലീസില്‍ പരാതി നല്‍കി. യഥാര്‍ഥ കാരണം അറിയാതെ പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒപ്പം പിതാവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
അതേസമയം, മറ്റൊരു സംഭവത്തില്‍ കണ്ണൂരില്‍ അയല്‍വാസിയായ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റിലായി. വീട്ടിലേക്ക് വന്ന കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പരിയാരം പൊലീസാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പട്ടാനൂരിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പട്ടാനൂര്‍ യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന്‍ വിപിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 16-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ബോര്‍ഡില്‍ എഴുതിയ കാര്യങ്ങള്‍ വേഗത്തില്‍ പകര്‍ത്തിയെഴുതിയില്ല എന്ന് പറഞ്ഞാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ ചതവും നീര്‍ക്കെട്ടും കണ്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ ഡോക്ടര്‍മാരാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.