കേരളത്തിന്റെ കായിക രംഗത്ത് സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് കായികവകുപ്പ് മന്ത്രിയുടെ ഇടപെടല്‍. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചതും കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നതുമായ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ ഓഡിറ്റ് ചെയ്യാന്‍ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോര്‍ട്‌സ് അസ്സോസിയയേഷനുകളില്‍ നിന്നുള്ള വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്ക് കൈമാറി.
കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസ്സോസിയേഷനുകളെ കുറിച്ച് പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് സമഗ്ര അഴിച്ചുപണി ലക്ഷ്യമാക്കി സര്‍ക്കാര്‍ ഇടപെടല്‍. അവ്യക്തമായതും ഒഴുക്കന്‍ മട്ടിലുള്ളതുമായ മറുപടികള്‍ ഒഴിവാക്കുന്നതിനാണ് ചോദ്യങ്ങള്‍ക്ക് ഘടന നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു ഏഴ് ദിവസത്തിനകം അസോസിയേഷനുകള്‍ മറുപടി നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്. നല്‍കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള രേഖകളും സമര്‍പ്പിക്കണം. മറുപടികള്‍ ലഭിക്കേണ്ട അവസാന തിയ്യതിയായി നിശ്ചയിക്കപ്പെട്ട ദിവസം മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ലഭിച്ച മറുപടികള്‍ ക്രോഡീകരിച്ചു ഉത്തരങ്ങള്‍ സൂക്ഷ്മപരിശോധന നടത്തി ഇവ ഏകോപിപ്പിച്ചുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം.
റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണമായും മറുപടി നല്‍കിയ അസോസിയേഷനുകള്‍, അപൂര്‍ണ്ണമായി മറുപടി നല്‍കിയ അസോസിയേഷനുകള്‍ , മറുപടികള്‍ നല്‍കാത്തവര്‍, തെരഞ്ഞെടുപ്പും ഓഡിറ്റും അംഗീകാരവും പെന്റിങ് ആയ അസോസിയേഷനുകള്‍, വിവാദങ്ങള്‍ ഉള്ളവ, ശ്രദ്ധേയമായ അത്ലറ്റ് ബേസും മികച്ച പ്രകടനവും ഉള്ളവ, ഭൗതിക സാഹചര്യങ്ങളുടെ അഭാവവും പരിശീലന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉള്ളവ, സര്‍ക്കാരിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അടിയന്തിര ഇടപെടലുകള്‍ക്കുള്ള ശുപാര്‍ശകള്‍, ദുര്‍ബലമായ പ്രവര്‍ത്തനം നടക്കുന്നവ എന്നിങ്ങനെ തരം തിരിച്ച റിപ്പോര്‍ട്ട് ആയിരിക്കണം സര്‍ക്കാരിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമര്‍പ്പിക്കേണ്ടത്.
നിലവില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകള്‍ സംബന്ധിച്ച് അപൂര്‍ണ്ണമായ വിവരങ്ങളാണ് സര്‍ക്കാരില്‍ ലഭ്യമായിട്ടുള്ളത്. ഇത് കായിക താരങ്ങള്‍ക്ക് മതിയായ പ്രോത്സാഹനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവരിലേക്ക് സര്‍ക്കാര്‍ സഹായം എത്താത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പിന്തുണ നല്‍കാനും കഴിയാത്ത അവസ്ഥയുമുണ്ട്. കുട്ടികളുടെ കായിക മികവ് കണ്ടെത്തുന്നതിനും ഇത് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഇത് സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സംഘടകള്‍ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കുന്ന സംഭാവനകളെ പറ്റി സമഗ്രമായ ഓഡിറ്റിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സമീപകാലത്തു സര്‍ക്കാര്‍ ഇത്തരത്തില്‍ ഗൗരവതരമായ ഇടപെടല്‍ നടത്തിയിട്ടില്ല.
















