ജയറാമും ഉര്‍വശിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളില്‍ ശ്രദ്ധ നേടിയ ചിത്രം ഇനി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തും. ജൂണ്‍ 5ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ജൂലൈ 10 മുതല്‍ ZEE5-ല്‍ സ്ട്രീം ചെയ്യും. ‘The Ultimate Family Entertainer is coming to ZEE5!’ എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
ചെന്നൈയില്‍ ഭാര്യ സുധന്തിരവും രണ്ട് മക്കളുമൊത്ത് ജീവിക്കുന്ന പരിമളയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബത്തെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന വര്‍ഗീസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെ സംശയത്തിന്റെ നിഴല്‍ കുടുംബത്തിലേക്ക് നീളുന്നു. എന്നാല്‍ മരണത്തിന് പിന്നില്‍ ആരാണെന്ന് വീട്ടിലെ ആര്‍ക്കും അറിയില്ലെന്നതാണ് കഥയിലെ പ്രധാന ട്വിസ്റ്റ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ കുടുംബാംഗങ്ങള്‍ തമ്മില്‍ സംശയവും ആശയക്കുഴപ്പവും വര്‍ധിക്കുന്നതാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
പാണ്ഡിരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, ഉര്‍വശി എന്നിവര്‍ക്കൊപ്പം സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, മൈസ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സന്തോഷ് ശോഭന്‍, സെന്‍ട്രായന്‍, ഹര്‍ഷദ്, സിംഗംപുലി, ഭഗവതി പെരുമാള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫോക്‌സ് എന്‍ സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ജ് സി. വില്യംസും എഡിറ്റിംഗ് പ്രദീപ് ഇ. രാഘവും നിര്‍വഹിച്ചിരിക്കുന്നു.
















