അയോധ്യയില്‍ മാത്രമല്ല, ലോകമാകെ രാമന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സത്യവും ധര്‍മ്മവും നീതിയുമെല്ലാം എവിടെയാണോ നടപ്പാകുന്നത് അവിടെ അയോധ്യയിലെ രാമനുണ്ട്. ഹിന്ദുക്കള്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. എന്നാല്‍, തീവ്ര ഹിന്ദുക്കള്‍ക്ക് രാമനെ കുടിയിരുത്തിയേ മതിയാകൂ. അതാണ് അയോധ്യയില്‍-രാമജന്‍മ ഭൂമിയില്‍ ക്ഷേത്രം പണിത് അവിടെ രാംലല്ലയെ പ്രതിഷ്ഠിച്ചത്. നല്ലത് തന്നെ. വിശ്വാസികള്‍ക്കെല്ലാം സന്തോഷമായി. നീതി നടപ്പായി. സത്യം വിജയിച്ചു. നല്ലത് നടക്കുന്നു എന്നു വിശ്വസിക്കുമ്പോഴും രാമന്റെ സ്വത്ത്(കാണിക്ക)വരെ തട്ടിയെടുക്കുന്ന ആള്‍ക്കാര്‍ ക്ഷേത്രത്തിനുള്‌ലില്‍ ഉണ്ടായിരുന്നു. വിദേശികളുടെ വിശ്വാസത്തിന്റെ പരിണിത ഫളമായ ഡോളറുകള്‍ പോലും മുണ്ടിനടിയില്‍ തിരുകി ക്ഷേത്രം വിട്ടവര്‍. പൂജയ്ക്കും, പ്രാര്‍ത്ഥനയ്ക്കും ഒന്നും കുറവു വരുത്താത്തവര്‍.
എന്നും മണിയടിക്കാന്‍ മത്സരിച്ചവര്‍. അവര്‍ക്കെല്ലാം ഇപ്പോള്‍ യൂണിഫോം തയ്ക്കുകയാണ്. അതും ‘പോക്കറ്റില്ലാത്ത’ യൂണിഫോം. കോടികളോ, ലക്ഷങ്ങളോ പോക്കറ്റില്‍ വെച്ചുകൊണ്ട് ക്ഷേത്രം വിടുമോ എന്ന് ആരും ചോദിക്കരുത്. പോകറ്റടിക്കുക എന്നാല്‍, മോഷ്ടിക്കുന്ന പണം പോക്കറ്റിലിട്ട് പോവുക എന്നല്ല. മോഷ്ടിച്ച പണം ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിലും അടി വസ്ത്രത്തിലുമൊക്കെ കുത്തിത്തിരുകി കൊണ്ടായിരിക്കും പോയിരുന്നത്. അല്ലെങ്കില്‍, ഇത്ര വലിയ ക്ഷേത്രത്തിലെ ഒളിക്യാമറകള്‍ കണ്ടു പിടിക്കില്ലായിരുന്നോ. പോക്കറ്റ് മാത്രമാണ് യൂണിഫോമില്‍ ഇല്ലാതായത്. എന്നാല്‍, കള്ളന്റെ കൈയ്യില്‍ താക്കോലെന്നപോല്‍ മറ്റെല്ലാം അവിടെത്തന്നെയുണ്ട്. ഇപ്പോള്‍ കണ്ടെത്തിയവര്‍ മാത്രമായിരിക്കുമോ മോഷ്ടിച്ചിട്ടുള്ളത്. എത്രകാലമായി മോഷണം തുടങ്ങിയിട്ട്. ഇതൊക്കെയാണ് അറിയേണ്ടത്. എന്നാല്‍, രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതോടെ ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിഷ്‌കരിച്ചു.
സംഭാവന എണ്ണുന്ന കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമായും പരിഷ്‌ക്കരിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് യൂണിഫോമും ഏര്‍പ്പെടുത്തി. പോക്കറ്റ് ഇല്ലാത്ത നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് അനുവദിച്ചത്. ക്ഷേത്രത്തിലെ നിരീക്ഷണം ശക്തമാക്കാന്‍ കൂടുതല്‍ സിസിടിവി കാമറകളും സ്ഥാപിച്ചു. പണമെണ്ണുന്ന കേന്ദ്രത്തില്‍ പ്രവേശിക്കുമ്പോഴും മടങ്ങുമ്പോഴും സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം ഉടന്‍ നിയമനമുണ്ടാകില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. എസ്ഐടി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നിയമനം നടത്തുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
അതേസമയം കുറ്റാരോപിതനായ ചമ്പത് റായിയെയും അറസ്റ്റിലായ അവിനാഷ് ശുക്ലയെയും എസ്ഐടി വിശദമായി ചോദ്യം ചെയ്യും.
നേരത്തെ, അഞ്ച് പ്രതികള്‍ സംഭാവന തട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്ഐടിക്ക് ലഭിച്ചിരുന്നു. ഇന്ന് ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എസ്ഐടി പരിശോധിക്കും. നിലവില്‍ ചമ്പത് റായ്, അനില്‍ മിശ്ര എന്നിവര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കൊള്ളയിലെ വിവരങ്ങള്‍ വിശദമായി എഴുതി നല്‍കണമെന്നാണ് ട്രസ്റ്റ് ചെയര്‍മാന്റെ നിര്‍ദേശം. മൂന്നുമാസം മുമ്പ് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചമ്പത് റായ് അറിഞ്ഞുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
















