തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ്. തിരക്ക് കൂടുതലുള്ള വിഭാഗങ്ങളിൽനിന്ന് രോഗികളെ പുലയനാർ കോട്ട ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പകർച്ച പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 500 ഓളം കിടക്കകൾ പുലയനാർ കോട്ടയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജില്ലയിലെ വിവിധ ആശുപത്രി മേധാവികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മഴക്കാലത്ത് പകർച്ചപ്പനി കേസുകളിൽ വർദ്ധനവുണ്ടായാൽ രോഗികളെ നിലത്ത് കിടത്തുന്നത് പതിവാണ്. എന്നാൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കുമെന്ന ആരോഗ്യവകുപ്പിന്റെ പൊതുനയത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
ജനറൽ ആശുപത്രിയിൽ അടിയന്തരമായി ക്യാന്റീൻ സജ്ജമാക്കണമെന്ന് ആശുപത്രി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. മാസ്റ്റർപ്ലാൻ പ്രവർത്തികൾ ഇഴഞ്ഞുനീങ്ങുകയാണെന്നും എസ്.പി.വിയെ മാറ്റണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിപരിചയമുള്ള ഏജൻസിയെ എസ്.പി.വിയാക്കികൊണ്ട് മാസ്റ്റർപ്ലാൻ പ്രവർത്തനം വേഗത്തിലാക്കാനും തീരുമാനിച്ചു. ജനറൽ ആശുപത്രിയിലെ ബ്ലോക്കിൽ റാമ്പ് സജ്ജമാക്കുന്നതിനും ചോർച്ച പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
Story Highlights : Health Department to prevent patients from lying on the floor at Thiruvananthapuram Medical College
















