പനങ്ങാട്, നെട്ടൂർ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും പള്ളികളിലും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു വന്ന മൂന്നംഗ സംഘത്തെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടന്നു വരികയായിരുന്നു.
പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ പതിനേഴുകാരൻ എന്നിവരാണ് പിടിയിലായത്.
മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് സംഘം മോഷണം ആരംഭിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ കറങ്ങിനടന്നാണ് ഇവർ മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നത്.
ഇതിന് പുറമെ നെട്ടൂർ തണ്ടശ്ശേരി കോളനിയിലെ ശ്രീദേവി – സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരവും ഇവർ കുത്തിത്തുറന്ന് പണം കവർന്നിരുന്നു.
രാത്രികാല പട്രോളിങ്ങിനിടെ നെട്ടൂർ പാലത്തിന് സമീപത്തുവെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികൾ പിടിയിലാകുന്നത്.
പനങ്ങാട് ഇൻസ്പെക്ടർ മിഥുൻ മോഹന്റെ നേതൃത്വത്തിൽ രാജേഷ് പി.എസ്, സൈജു ദേവസ്യ, എം. ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു.















