ലോകത്തെ പിടിച്ചുലയ്ക്കാന്‍ കഴിയുന്ന യുദ്ധമാണ് പശ്ചിമേഷ്യയില്‍ നടക്കുന്നതെന്ന് ഇന്നും ആരും മനസ്സിലാക്കിയിട്ടില്ല. എന്നാല്‍, അടുക്കളയില്‍ ഗ്യാസ് കിട്ടാതെ വരുമ്പോള്‍, പെട്രോള്‍ പമ്പില്‍ പെട്രോളും ഡീസലും കിട്ടാതെ വരുമ്പോള്‍, റോഡ് ടാര്‍ ചെയ്യാന്‍ ബിറ്റുമിന്‍ കിട്ടാതെ വരുമ്പോളൊക്കെയും എന്താണ് കാരണമെന്ന് അന്വേഷിച്ചിറങ്ങും. അപ്പോഴാണ് ഗള്‍ഫില്‍ യുദ്ധം നടക്കുവല്ലേ എന്നൊരു വര്‍ത്തമാനം കേള്‍ക്കുന്നത്. ഇത്രയുമാണ് നമുക്ക് പശ്ചിമേഷ്യയിലെ യുദ്ധം തരുന്നത്. എന്നാല്‍, യുദ്ധത്തിന്റെ കാരണവും കാര്യവും അറിയാന്‍ വലിയ മനസ്സു കാണിക്കില്ലെങ്കിലും അവശ്യ വസ്തുക്കള്‍ എവിടെ നിന്നുമാണ് വരുന്നതെന്ന് അറിയേണ്ടതുണ്ട്. അതാണ് ആ യുദ്ധത്തിന്റെ പ്രധാന ഘടകവും.
ഒരു കടലിടുക്കും പിന്നെ അമേരിക്കയും ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധവും. ഒരു രാജ്യം പിടിച്ചു നില്‍ക്കാനാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ മറ്റു രാജ്യങ്ങള്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമം. ഇവിടെ എണ്ണ നീക്കം പ്രതിസന്ധിയിലാകുന്നു. എണ്ണ എത്താതെ ഒരു രാജ്യത്തും ചലനം സംഭവിക്കില്ല എന്നതാണ് വസ്തുത. ആ എണ്ണ വരുന്നത് ഹോര്‍മുസ് കടലിടുക്കു വഴിയും. അവിടെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത് ഇറാനാണ്. ഈ ആധിപത്യത്തെ തകര്‍ക്കുക എന്നതാണ് അമേരിക്കന്‍ ്ദിനിവേശ ആഗ്രഹം. ഇസ്ലാമിക കശാപ്പിനിറങ്ങിയ ഇസ്രായേല്‍ ഇതിന് കൂട്ടും. അമേരിക്കയും ഇസ്രയേലും ഇറാന്റെ മണ്ണില്‍ നടത്തിയ ആക്രമണത്തില്‍ തീരാ നഷ്ടങ്ങള്‍ സംഭവിച്ചിട്ടും പിടിച്ചു നില്‍ക്കുകയാണ് ഇറാന്‍. അപ്പോഴും ഇറാന്റെ തുറുപ്പു ചീട്ട് ഹോര്‍മുസ് കടലിടുക്കാണ്. സമാധാന സന്ധി ഒപ്പിട്ടിട്ടും അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.
ഇന്നലെയും ഹോര്‍മുസില്‍ കപ്പലിനു നേരേ ആക്രമണം ഉണ്ടായി. ഇത് ഇറാന്‍ നടത്തിയതാണെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. നിഷേദിക്കാനോ ഏറ്റെടുക്കാനോ ഇറാന്‍ ഇതുവരെ തയ്യാറായിട്ടുമില്ല. വിപണികളില്‍ ആശങ്ക രൂക്ഷമായിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടാകുമ്പോള്‍ ലോകം ഭയക്കുന്നത് മൂന്നാം ലോകയുദ്ധത്തിന്റെ വരവാണോ എന്നാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇറാനെതിരെ പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഒന്നുകില്‍ ഇറാനുമായി സമാധാന കരാറിലെത്തും ഇല്ലെങ്കില്‍ അവരെ തീര്‍ത്തു കളയുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
സൈനിക നടപടിയേക്കാള്‍ താന്‍ ചര്‍ച്ചകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. തയാറായില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങളും റിഫൈനറികളും നശിപ്പിക്കുമെന്നും ട്രംപ്. ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളും സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒമാന്‍ കടലിടുക്കിന് സമീപത്തു കൂടി സഞ്ചരിച്ചിരുന്ന കപ്പലിനു നേരെ ഇറാന്‍ രണ്ടു തവണ മിസൈലാക്രമണം നടത്തിയെന്നും കപ്പലിന് തീ പിടിച്ചെന്നും യു.കെ മാരിടൈം ഓപറേഷന്‍സ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും തിരിച്ചടിയുണ്ടാകുമെന്നും യു.എസും പറഞ്ഞു. ഖമനയിയുടെ മരണത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പ്രതികാരം ചെയ്യണമെന്ന ആവശ്യം ഇറാനില്‍ ശക്തമാകുന്നതിനിടെയാണ് പുതിയ ആക്രമണമെന്നതും ശ്രദ്ധേയം.
അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് അറിയിച്ച ഏജന്‍സി, ഈ പ്രദേശത്തിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമം ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം മിസൈലുകള്‍ വിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ഒരാഴ്ചത്തെ കരാറിന്റെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍. വ്യാഴാഴ്ചയാണ് ഖമനയിയുടെ സംസ്‌കാരം. ഇറാനു തിരിച്ചടി നല്‍കുന്നതിനെക്കുറിച്ച് യുഎസ് ആലോചിച്ചേക്കുമെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
















