വയനാട് തുരങ്കപാത നിർമ്മാണ മേഖലയായ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ. മണ്ണിനടയിൽ നിന്ന് മൂന്ന് പുരുഷൻമാരുടെ മൃതദേഹമാണ് ലഭിച്ചത്. മൂവരും അതിഥിതൊഴിലാളികളാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസ് സർജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കിയത്. ആരോഗ്യവകുപ്പിന്റെയും 108ന്റെയും ആംബുലൻസുകളുംരക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിരുന്നു. മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപത് പേരിൽ രണ്ടു പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ചികിത്സയിലുള്ള ഏഴു പേരിൽ ഒരാൾ മലയാളിയാണ്. സൈറ്റ് എൻജീനിയറായ എറണാകുളം സ്വദേശിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല. ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ഐ.സി.യുവിലാണ്. ഇതിൽ ഒരാളുടെ തലയ്ക്കും രണ്ട് കാലിനും പൊട്ടലുണ്ട്. മറ്റൊരാളുടെ രണ്ടു കാലിനുമാണ് പൊട്ടൽ. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നതായും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രദേശത്തുള്ള 42കുടുംബങ്ങളിലെ 142 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. അരണമല ഉന്നതി, മമ്മിക്കുന്ന് ഉന്നതി, മീനാക്ഷി എസ്റ്റേറ്റ്, താഞ്ഞിലോട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ കഴിയുന്നത്.
മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചാലും സ്ഥലത്ത് ആംബുലൻസും മെഡിക്കൽ ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്. വയനാട് ഡി.എം.ഒ ഡോ.മൊയ്തീൻ ഷാ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷീജ.വി.ആർ, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Story Highlights : Kalladi landslide: Post-mortems of three bodies completed
















