അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. അന്‍സിബക്കെതിരായ ജിഹാദി പരാമര്‍ശത്തില്‍ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
നേരത്തെ താരസംഘടനയായ ‘അമ്മ’യില്‍ അന്‍സിബ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ സംഘടന ഗൗരവമായി പരിഗണിച്ചിരുന്നില്ല. തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും, മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞു പരത്തിയെന്നും വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ പരാതി നല്‍കിയത്. തുടര്‍ന്ന് നിയമവഴി തേടിയ അന്‍സിബ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല.
ആരോപണവിധേയരായ ടിനി ടോം ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കേസ് എടുക്കാന്‍ തക്കതായ തെളിവുകളില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മതിയായ തെളിവുകളോടെ അന്‍സിബ കോടതിയെ സമീപിച്ചതും അനുകൂലമായ ഉത്തരവ് നേടിയെടുത്തതും.
















