കരൂര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തും. 2025 സെപ്റ്റംബറില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതില്‍ 32 പേരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ ജോലി ഉത്തരവ് വിജയ് ഇന്ന് കൈമാറും. നേരത്തെ അപകടത്തില്‍ മരണപ്പട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
ഈ തുക കൈമാറിയതായും ടിവികെ അറിയിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരൂരില്‍ നടത്തിയ പര്യടനത്തിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിജയ് വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. പൊതുറാലിയില്‍ പങ്കെടുക്കാന്‍ വിജയ് നേരം വൈകിയെത്തിയതും ജനങ്ങള്‍ക്കിടയിലേക്ക് വെള്ളക്കുപ്പി എറിഞ്ഞുനല്‍കിയതും അപകടത്തിന് കാരണമായെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.
കരൂര്‍ ദുരന്തത്തില്‍ ഒന്നിലധികം തവണയാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്തത്. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് തമിഴ്നാട് പൊലീസിന്റെ മൊഴി. എന്നാല്‍ ദുരന്തത്തില്‍ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നാണ് വിജയ്യുടെ വാദം. സുപ്രിംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് വിട്ടത്.
















