Kerala

കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്

വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. 48 കുടുംബങ്ങളിലെ 129 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ദുരന്തം ഉണ്ടായ പരിസരപ്രദേശത്ത് നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ തിരികെ വീടുകളിൽ എത്തിച്ചു.

ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ മീനാക്ഷി പുഴയിൽ നിന്ന് കണ്ടെടുത്ത രതീഷ് ഗുച്ചാദിന്റെ മൃതദേഹം ദുരന്ത സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെ നിന്നുമാണ്. അഞ്ചാം ദിനത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം സുഗമമാണ്. നാല് സോണുകളായി തിരിച്ചു നടത്തുന്ന പരിശോധനയിൽ ഒന്നാം സോണും പ്രധാനമായും രണ്ടാം സോണും കേന്ദ്രീകരിച്ചാണ് പരിശോധന. മണ്ണൊലിച്ച് വരുന്ന ദൃശ്യങ്ങൾ അനുസരിച്ച് രണ്ടാം സോണിൽ വിക്രം റാണ ഉണ്ടാകുമെന്ന് നിഗമനത്തിലാണ് ദൗത്യസംഘം.

അതേസമയം, കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ഉത്തരവിറങ്ങി. പരുക്കേറ്റവർക്ക് പരമാവധി 2 ലക്ഷം രൂപയും സഹായം നൽകും. അതോടൊപ്പം വിദഗ്ധസമിതി റിപ്പോർട്ട് വരുന്നതുവരെ തുരങ്ക നിർമ്മാണം നിർത്തിവയ്ക്കും എന്നും ഉത്തരവിൽ പറയുന്നു.ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ പാലിച്ചു എന്ന് പരിശോധിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗസമിതിയുടെ ചുമതലകൾ.

Story Highlights : Kalladi landslide: Relief camp in Meppadi closed down