വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. മരിച്ച കമ്പനി ജീവനക്കാരായ ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കരാര്‍ ജീവനക്കാരനായ അല്‍മോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടിയന്തര സഹായമായി നല്‍കും. പരുക്കേറ്റ ഒന്‍പത് പേരില്‍ 6 പേര്‍ക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്നും കമ്പനി ഉറപ്പു നല്‍കിയതായി മന്ത്രി അറിയിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാന്‍ ദിലീപ് ബില്‍ കോണ്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.
സ്‌കൂള്‍ അടക്കം അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹന ഗതാഗതം മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. മണ്ണിടിച്ചില്‍ ദുരന്തത്തില്‍, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനും എംബാം നടപടികള്‍ക്കും ശേഷം മൃതദേഹം ജന്മനാടായ ഹിമാചല്‍ പ്രദേശില്‍ എത്തിക്കും. ആറാം ദിനത്തില്‍ ഫയര്‍ഫോഴ്‌സിനും എന്‍ഡിആര്‍എഫ് സംഘത്തിനും ഒപ്പം സന്നദ്ധ സംഘടനകളും കൂടി ചേര്‍ന്ന് നടത്തിയ കൂട്ടായ തിരച്ചിലിലാണ് മീനാക്ഷി പാലത്തിന് 100 മീറ്റര്‍ അകലെ, ഒലിച്ചുവന്ന ഇരുമ്പ് പൈപ്പുകള്‍ക്കിടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതോടെ കണ്ണാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
Story Highlights : construction company will provide compensation in kallady tragedy
















