മന്ത്രിയെപ്പോലും വെറുതേ വിടാന്‍ മടിയില്ലാത്ത രീതിയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ തരംതാഴുന്നത് നീതീകരിക്കാനാവുന്നതല്ല. ഓണ്‍ലൈന്‍ ചാനലുകളെ നിയന്ത്രിക്കേണ്ടതുണ്ട് എന്നു തന്നെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നത്. വ്യക്തി സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ഹനിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കണ്ന്റിനായി ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ അത് സംസ്‌ക്കാരത്തെയും രാജ്യത്തിന്റെ അന്തസ്സിനെയും ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. മന്ത്രി ബിന്ദുകൃഷ്ണയ്ക്ക് ഉണ്ടായ അനുഭവം നിരവധി സ്ത്രീകള്‍ക്ക് സംഭവിക്കുന്നുണ്ട്. പക്ഷെ, പുറത്തു പറയാനോ, പ്രതികരിക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്.
മന്ത്രി ഇതിനെതിരേ ശക്തമായ നിലപാട് പറയുകയും സര്‍ക്കാര്‍ തലത്തില്‍ എന്തു ചെയ്യാനാകുമെന്ന് ആലോചിക്കുകയും ചെയ്യണം. സ്ത്രീകളുടെ ശരീരത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഓണ്‍ലൈന്‍ ചാനലുകളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്നാണ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞത്. മന്ത്രിയായിട്ടും മുഖം പകര്‍ത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകര്‍ത്തി. ഇത്തരം പ്രവണത വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. ഇതു തടയുന്നത് സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തെ ഒരു സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് ബിന്ദു കൃഷ്ണ വെളിപ്പെടുത്തി.
മുഖം പകര്‍ത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതുകണ്ട ചിലര്‍ പ്രശ്നമുണ്ടാക്കി അത് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ജൂലൈ ആറിനായിരുന്നു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം. ഒരു സ്‌കൂളില്‍ പോയപ്പോള്‍ അവിടെ ഉള്ള ഒരാള്‍ ഫോട്ടോയെടുത്തു. അയാളുടെ തൊട്ടു പിന്നില്‍ ഇരിക്കുന്നയാള്‍ കാണുന്നത് എന്റെ ശരീരം സൂം ചെയ്യുന്നതാണ്. എന്റെ മുഖമല്ല സൂം ചെയ്തത്. അപ്പോള്‍ തന്നെ അടുത്തു നിന്നയാള്‍ അയാളെ മാറ്റി. അയാള്‍ കണ്ടതുകൊണ്ട് കുഴപ്പമില്ലെന്ന് വിചാരിച്ചു. പക്ഷേ, അവര്‍ പോസ്റ്റ് ചെയ്തതില്‍ ഈ ബോഡി പാര്‍ട്ടുണ്ട്.
അത് വലിയ വിഷയമാക്കിയപ്പോള്‍ അയാള്‍ ഡിലീറ്റ് ചെയ്തു. ആളുകള്‍ അത് സ്‌ക്രീന്‍ ഷോട്ട് എടുത്തു വച്ച് വലിയ വിഷയമാക്കി. സംസ്ഥാനത്തെ ഒരു മന്ത്രിയായ എന്റെ ശരീരത്തിന്റെ ഫോട്ടോ അങ്ങനെയെടുക്കാന്‍ ധൈര്യമുള്ളവര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളോട് എങ്ങനെയായിരിക്കും. സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും ഇത്തരം വഴിവിട്ട രീതിയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തീര്‍ച്ചയായും പരിശോധിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള കുറ്റകൃത്യങ്ങളോട് സീറോ ടോളറന്‍സ് എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.