പശ്ചിമേഷ്യയില്‍ അമേരിക്ക-ഇറാന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇറാന്റെ പ്രധാന നഗരങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെ അമേരിക്ക വ്യോമാക്രമണം തുടരുകയാണ്. വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ആക്രമണം ശക്തമാക്കി. ‘ഓപ്പറേഷന്‍ നസര്‍ 2’ എന്ന് പേരിട്ടിരിക്കുന്ന സൈനിക ദൗത്യത്തിന്റെ ഭാഗമായി യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. അതേസമയം, അമേരിക്കയുടെ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടതായും മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും ഇറാന്റെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യ വീണ്ടും വലിയൊരു യുദ്ധത്തിന് കളമൊരുക്കിയിരിക്കുകയാണ്. മേഖലയിലെ യു.എസ് ലോജിസ്റ്റിക്‌സ് ഹബുകള്‍, കമാന്‍ഡ് സെന്ററുകള്‍, പേട്രിയറ്റ് മിസൈല്‍ ബാറ്ററികള്‍, യുദ്ധവിമാന ഹാങ്ങറുകള്‍ എന്നിവ തകര്‍ത്തതിനൊപ്പം ബഹ്റൈനിലെ യു.എസ് ഫിഫ്ത് ഫ്‌ളീറ്റ് (US Fifth Fleet) ആസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ഈ അവകാശവാദങ്ങള്‍ അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ തുറമുഖ നഗരങ്ങളെയും ദ്വീപുകളെയും ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി സിവിലിയന്‍ കേന്ദ്രങ്ങളിലേക്കും ആക്രമണം വ്യാപിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നല്‍കുന്നത്. നാല് ദിവസത്തിനുള്ളിലാണ് 35 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും ഇറാന്‍ അധികൃതര്‍.
ഇറാന്റെ കൂടുതല്‍ വടക്കന്‍ മേഖലകളെ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ വ്യോമാക്രമണങ്ങള്‍ അതിശക്തമാക്കിയതിനൊപ്പം, ഇസ്ലാമിക് റിപ്പബ്ലിക്കിന് മേല്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഒരു കപ്പലിന് നേരെ യു.എസ് സേന വെടിയുതിര്‍ക്കുകയും ചെയ്തു. അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായി കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ മിസൈല്‍ – ഡ്രോണ്‍ പ്രത്യാക്രമണം തുടരുകയാണ്. കുവൈത്തിനും ബഹ്‌റൈനും പുറമെ ജോര്‍ദാന് നേരെയും ഇറാന്റെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചതായി കുവൈത്തും ബഹ്‌റൈനും വ്യക്തമാക്കി. അതിനിടെ, ടെഹ്‌റാന് സമീപം അമേരിക്കയുടെ ‘എം.ക്യു-9’ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍ സൈനിക നേതൃത്വം അവകാശപ്പെട്ടു.
സംഘര്‍ഷം അവസാനിപ്പിക്കാനായി അമേരിക്കയുമായി നിലവില്‍ യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. രാജ്യം ആക്രമിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ തങ്ങളുടെ സുരക്ഷയ്ക്കും പ്രതിരോധത്തിനും മാത്രമാണ് മുന്‍ഗണന. ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇപ്പോള്‍ പൂര്‍ണമായും തള്ളിക്കളയുകയാണെന്നും ഇറാന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഗള്‍ഫ് മേഖലയെ വലിയ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചു. ഈ പ്രതിസന്ധി അവസാനിക്കണമെങ്കില്‍ ആക്രമണങ്ങള്‍ അടിയന്തരമായി നിലയ്ക്കുകയും ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും ചെയ്യേണ്ടതുണ്ട്.
ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന്‍ ‘മര്യാദയ്ക്ക് പെരുമാറുന്നതാണ് നല്ലത്’ (They better behave) എന്ന് പെന്‍സില്‍വാനിയയില്‍ നടന്ന പ്രതിരോധ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയതോടെ മേഖല ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് വീണ്ടുംനീങ്ങിയിരിക്കുകയാണ്.
















